കുരുമുളക് പറിക്കാനായി തോട്ടത്തിലിറങ്ങി…മരമൊടിഞ്ഞ് വീണത് കിണറിൽ…ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യയ്ക്ക്…

എറണാകുളം പിറവത്ത് കരുമുളക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ സമീപത്തുള്ള കിണറ്റിലേക്ക് വീണു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യയും കിണറ്റിൽ വീണു. 40 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് ഇരുവരും വീണത്. ഒടുവിൽ ഇരുവരെയും രക്ഷിക്കാൻ അഗ്നിരക്ഷാ സേനയെത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.

പിറവം നഗരസഭ 8–ാം വാർഡിൽ പാറേക്കുന്നിൽ കുരുമുളക് പറിക്കാനായി തോട്ടത്തിലിറങ്ങിയ 66കാരനായ ഇലഞ്ഞിക്കാവിൽ രമേശനാണ് മരമൊടിഞ്ഞ് കിണറിൽ വീണത്. ഭർത്താവ് കിണറിലേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടുത്താനായി ശ്രമിച്ച ഭാര്യയും 56കാരിയുമായ പത്മവും കിണറിലേക്ക് വീണു. കയറിൽ തൂങ്ങി ഇറങ്ങി ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പത്മവും കിണറിൽ കുടുങ്ങിയത്. ഇവരുടെ ബഹളം കേട്ട് നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്.

കിണറിൽ അരയോളം മാത്രം വെള്ളമേ ഉണ്ടായിരുന്നുള്ളു, ഇത് ഇരുവർക്കും രക്ഷയായി. അഗ്നിരക്ഷാസേന എത്തുമ്പോൾ പരിക്കേറ്റ ഭർത്താവിനെ കിണറിനുള്ളിൽ ഭാര്യ താങ്ങി നിർത്തിയിരിക്കുകയായിരുന്നു. 5 അടിയോളം വെള്ളം കിണറിലുണ്ടായിരുന്നതായി അഗ്നിരക്ഷ സേന അംഗങ്ങൾ പറഞ്ഞു. നെറ്റിന്റെ സഹായത്തോടെയാണ് അഗ്നിരക്ഷാ സേനാ ഇരുവരേയും കിണറിനുള്ളിൽ നിന്ന് രക്ഷപെടുത്തിയത്. തലയ്ക്ക് പരിക്കേറ്റ രമേശനും കൈകളിൽ പരിക്കേറ്റ പത്മവും നിലവിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button