വീട്ടുകാർ കണ്ണൂരിൽ പോയ അവസരം പ്രയോജനപ്പെടുത്തി…മുൻവാതിലിലൂടെ അകത്ത് കടന്നു….നേപ്പാൾ സ്വദേശിയായ ജോലിക്കാരൻ ഒളിവിൽ….

കാസര്‍കോട് ചീമേനിയില്‍ വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറി പട്ടാപ്പകല്‍ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ വീട്ടിലെ ജോലിക്കാരനായ നേപ്പാള്‍ പൗരനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. കണ്ണൂര്‍ സ്വദേശി എന്‍ മുകേഷിന്‍റെ ചീമേനി ചെമ്പ്രക്കാനത്തെ വീട്ടിലാണ് മോഷണം നടന്നത്.

40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നാല് കിലോ വെള്ളിപാത്രങ്ങളും കവര്‍ന്നു. വീടിന്‍റെ മുന്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയാണ് ഇവ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് മൂന്നിനും ഇടയിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ കണ്ണൂരിലേക്ക് പോയ സമയത്തായിരുന്നു ഇത്. കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ന്നത്.

സംഭവത്തിന് ശേഷം ജോലിക്കാരനായ നേപ്പാള്‍ സ്വദേശിയെ കാണാതായിട്ടുണ്ട്. വീട്ടിലെ കന്നുകാലികളെ നോക്കിയിരുന്ന ഭാസ്കറിനെയാണ് കാണാതായത്. ഇയാളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കൈയില്‍ ബാഗുകളുമായി ഓട്ടോറിക്ഷയില്‍ കയറിപ്പോകുന്ന ഭാസ്കറിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ ചീമേനി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Articles

Back to top button