യുവാവിനെ അസഭ്യം വിളിച്ചു, ചോദ്യം ചെയ്തതോടെ അക്രമം…2 പേർ അറസ്റ്റിൽ…

തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശികളായ കാശിനാഥൻ (22), ഉണ്ണികൃഷ്ണൻ (23) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചുനിൽക്കുകയായിരുന്ന മലയിൻകീഴ് സ്വദേശിയായ യുവാവിനെ പ്രതികൾ അനാവശ്യമായി അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.

മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും പ്രതികൾ മർദിച്ചു. പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളിൽ ഒരാളായ കാശിനാഥനെതിരെ തിരുവനന്തപുരം റൂറൽ പരിധിയിലെ ബാലരാമപുരം സ്റ്റേഷനിൽ മൂന്നോളം വധശ്രമക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button