ജോലി സ്ഥലത്തുനിന്നും യുവതി മടങ്ങിയെത്തിയത് ആൺസുഹൃത്തിനൊപ്പം; 21കാരിയെ അച്ഛനും അമ്മാവനും ചേർന്ന്..

കർണാടകയിലെ മാളിൽ ജോലി ചെയ്തിരുന്ന 21കാരിയെ അച്ഛനും അമ്മാവനും ചേർന്ന് വീട്ടിൽവച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര സ്വദേശിനി നന്ദിനി യാദവാണ് കൊല്ലപ്പെട്ടത്. അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നതും മുടിയുടെ നീളം വെട്ടിക്കുറച്ചതും കുടുംബത്തിന്റെ എതിർപ്പിന് കാരണമായിരുന്നു. ജോലിസ്ഥലത്തുള്ള യുവാവിനെ നന്ദിനി വീട്ടിലേക്ക് കൊണ്ടുവന്നതും കുടുംബത്തെ പ്രകോപിപ്പിച്ചു. എന്നാൽ യുവാവ് സഹോദരനെപ്പോലെയാണെന്നും രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും നന്ദിനി പറഞ്ഞിരുന്നു.
നന്ദിനിയുടെ പിതാവ് ഭഗവാൻ സിങ് യാദവും അമ്മാവൻ സന്തോഷ് സിങ് യാദവും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് നന്ദിനിയുടെ അമ്മയെയും സഹോദരിയെയും മറ്റൊരു മുറിയിൽ പൂട്ടിയിട്ടിരുന്നു. നന്ദിനിക്കൊപ്പം വീട്ടിലെത്തിയ യുവാവിനെയും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു.
‘കുടുംബത്തിന് നാണക്കേടുണ്ടാക്കി’ എന്നാരോപിച്ചായിരുന്നു ആക്രമണം. മുടി വെട്ടിയതും മറ്റൊരു സംസ്ഥാനത്ത് പോയി ജോലി ചെയ്തതുമാണ് പ്രതികൾ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. തുടർന്ന് നന്ദിനിയുടെ തല ചുമരിൽ ഇടിക്കുകയും വടികൊണ്ട് മർദിക്കുകയും ചെയ്തു. ഒടുവിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നാണ് വിവരം.



