ഇൻഫ്ലുവൻസറുടെ വീട്ടിൽ അതിക്രമിച്ചു കയറി….വീട്ടുകാരുടെ മർദനമേറ്റ് യുവാവിന് ദാരുണാന്ത്യം….

വനിതാ ഇൻഫ്ലുവൻസറുടെ വീട്ടിൽ അതിക്രമിച്ചു കയറി വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച യുവാവിന് പിതാവിന്റെയും ബന്ധുക്കളുടെയും മർദനമേറ്റ് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗാസിപുർ സ്വദേശിയും ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനുമായ അഭിനവ് ആണ് കൊല്ലപ്പെട്ടത്. ഇൻഫ്ലുവൻസർ നേഹ ബിഷ്ടിന്റെ പിതാവ് വീരേന്ദർ ബിഷ്ടിനെയും അയൽവാസിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് നേഹയ്ക്ക് സമൂഹമാധ്യമത്തിലുള്ളത്.
നവംബർ 7ന് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിലുള്ള നേഹയുടെ വീട്ടിലേക്ക് യുവാവ് അതിക്രമിച്ചു കയറുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ നേഹയോട് ആവശ്യപ്പെട്ടു. നേഹയുടെ കുടുംബാംഗങ്ങളും ചില അയൽവാസികളും മർദിച്ച അഭിനവ് ചികിത്സയിലിരിക്കെ മരിച്ചു. നേഹയുടെ വിഡിയോകൾ അഭിനവ് സ്ഥിരമായി കാണാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. മറ്റൊരാളുമായി നേഹയുടെ വിവാഹം ഉറപ്പിച്ചതിൽ അഭിനവ് അസ്വസ്ഥനായിരുന്നു. അഭിനവിനെ നേഹയ്ക്ക് പരിചയമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.



