രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കും, പുതിയ ഭരണസമിതിയിലേക്ക് ഞാനില്ല… അഡ്ഹോക്ക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടി എംഎൽഎ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഉടലെടുത്ത അസാധാരണ പ്രതിസന്ധികൾക്കും കൂട്ടരാജിക്കും പിന്നാലെ, സംഘടനയെ മുന്നോട്ട് നയിക്കാനുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു. സംഘടനയിൽ നിന്നും രാജിവെച്ചു പുറത്തുപോയ മുഴുവൻ അംഗങ്ങളെയും തിരിച്ചെത്തിക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുമെന്ന് അഡ്ഹോക്ക് കമ്മിറ്റി കൺവീനറും എംഎൽഎയുമായ രമേഷ് പിഷാരടി വ്യക്തമാക്കി. സംഘടനയുടെ ഓൺലൈൻ വഴി നടന്ന ആദ്യ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഘടനയിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ശ്വേതാ മേനോന്റെ അധ്യക്ഷതയിലുള്ള ഭരണസമിതി കൂട്ടത്തോടെ രാജിവെച്ച സാഹചര്യത്തിലാണ് താല്കാലിക നടത്തിപ്പിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. ഗ്രൂപ്പിസം ശക്തമായ സംഘടനയിൽ വലിയ ഉത്തരവാദിത്വങ്ങളാണ് അഡ്ഹോക്ക് കമ്മിറ്റിക്കുള്ളത്. വൈകാതെ തന്നെ പുതിയ ഭരണസമിതി അധികാരത്തിൽ വരുമെന്നും, എന്നാൽ പുതിയ കമ്മിറ്റിയിലേക്ക് മത്സരിക്കാൻ തനിക്ക് താല്പര്യമില്ലെന്നും രമേഷ് പിഷാരടി എംഎൽഎ കൂട്ടിച്ചേർത്തു. അതേസമയം, സംഘടനയിലെ രാജിയുമായി ബന്ധപ്പെട്ട് മുൻ അധ്യക്ഷ ശ്വേതാ മേനോൻ ഇന്ന് നടത്താനിരുന്ന നിർണ്ണായക വാർത്താസമ്മേളനം മാറ്റിവെച്ചു. അസുഖബാധിതയായതിനെ തുടർന്നാണ് വാർത്താസമ്മേളനം മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മുൻ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വെളിപ്പെടുത്തലുകൾ സംഘടനയിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന വിലയിരുത്തലുകൾക്കിടയിലാണ് ഈ മാറ്റിവെക്കൽ.
കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും മുഴുവൻ സാമ്പത്തിക ഇടപാടുകളും കണക്കുകളും വിശദമായ ഓഡിറ്റിന് വിധേയമാക്കണമെന്ന ശക്തമായ ആവശ്യമാണ് ഇപ്പോൾ സംഘടനയിലെ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്. ഇക്കാര്യത്തിൽ പുതിയ അഡ്ഹോക്ക് കമ്മിറ്റി എടുക്കുന്ന തീരുമാനം ഏറെ നിർണ്ണായകമാകും. കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യാൻ കമ്മിറ്റി തയ്യാറായില്ലെങ്കിൽ, സ്ത്രീകളുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഒരു കമ്മിറ്റിയെ കരുതിക്കൂട്ടി താഴെയിറക്കാൻ ചിലർ ബോധപൂർവ്വമായ അജണ്ടകൾ സൃഷ്ടിച്ചതാണെന്ന വാദത്തിന് സംഘടനയ്ക്കുള്ളിൽ തന്നെ വലിയ ബലം ലഭിക്കും. വരും ദിവസങ്ങളിൽ ‘അമ്മ’യ്ക്കുള്ളിലെ പുകച്ചിൽ കൂടുതൽ പരസ്യമായ പോരിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ.


