‘എല്ലാ വർഷവും യാത്ര പോകാറുണ്ട്… ഞങ്ങളും പോകേണ്ടതായിരുന്നു’…. വാൽപ്പാറ അപകടത്തിൽ നടുങ്ങി നാട്

മലപ്പുറം പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂൾ അധ്യാപകർ ഉൾപ്പെടെ പത്ത് പേരുടെ മരണത്തിൽ ഞെട്ടിത്തരിച്ച് നാട്. വിങ്ങിപ്പൊട്ടി സഹപ്രവർത്തകരും നാട്ടുകാരും. എല്ലാ വർഷവും യാത്ര പോകാറുണ്ടെന്ന് സഹപ്രവർത്തക ഹസ്‌നത്ത് പറഞ്ഞു. സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്.
ഞാനും മക്കളുമൊക്കെ എല്ലാവർഷവും പോകാറുള്ളതാണ്. ഇത്തവണ ഹജ്ജിന്റെ തിരക്കിൽ പെട്ടതുകൊണ്ടാണ് പോകാൻ സാധിക്കാതിരുന്നത്. എല്ലാ വർഷവും സ്റ്റാഫ് ടൂർ പോകാറുള്ളതാണ്. കുഞ്ഞുങ്ങളെ കൂട്ടി ഊട്ടിയിലേക്ക് നല്ല രീതിയിൽ കൊണ്ടുപോയി വന്ന ടീച്ചർമാരാണ് ഞങ്ങൾ. പക്ഷേ വിധി ഇങ്ങനെയായിപ്പോയി. 3.56ന് സ്റ്റാഫ് ഗ്രൂപ്പിൽ എച്ച്എം അവരുടെ ഒരു സിംഗിൾ ഫോട്ടോ സെന്റ് ചെയ്തിരുന്നു – സഹപ്രവർത്തകർ പറഞ്ഞു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രി കൃഷ്ണൻകുട്ടി പൊള്ളാച്ചിയിലെത്തി പരുക്കേറ്റ കുട്ടിയെ സന്ദർശിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോയമ്പത്തൂർ ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ അഴഗരശുവിന് തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ നിർദ്ദേശം നൽകി.


