വഖഫ് പരാമർശം: മർ ഫൈസിയെ മുശാവറയിൽ നിന്ന്…

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കവുമായി സമസ്തയിലെ ഒരു വിഭാഗം. ഇതുസംബന്ധിച്ച് പോഷക സംഘടനാ നേതാക്കൾ യോഗം ചേർന്നു. ഉമർ ഫൈസിക്കെതിരെ നേതൃത്വത്തെ ബോധിപ്പിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായാണ് വിവരം. വരുന്ന മുശാവറയിൽ ഉമർ ഫൈസിയെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് നീക്കം. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ പരാമർശങ്ങളാണ് പ്രധാനമായും വിമർശനത്തിന് ഇടയാക്കിയത്.

അതേസമയം, തനിക്കെതിരെ നടപടി ആവശ്യപ്പെടുന്നവർ ഉന്നയിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്ന് ഉമർ ഫൈസി മുക്കം പ്രതികരിച്ചു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതിനാൽ, വഖഫ് ബോർഡ് അംഗം എന്ന നിലയിൽ വസ്തുതകൾ ബോധ്യപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് സെമിനാറിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഉമർ ഫൈസിയോടുള്ള വ്യക്തിവിരോധമാണ് നടപടിക്ക് പിന്നിലെന്നാണ് ഫൈസി അനുകൂലികളുടെ ആരോപണം. വഖഫ് വിഷയത്തിൽ ആർഎസ്എസ് പ്രവർത്തകരെ പോലും നിയമിക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ഉമർ ഫൈസിയുടെ വിമർശനങ്ങളും വിവാദമായിരുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ സമസ്തയുടെ നിലപാടുകൾക്ക് യോജിച്ചതല്ലെന്നാണ് ഒരു വിഭാഗം സുന്നി നേതാക്കളുടെ വാദം. വിഷയത്തിൽ സമസ്ത നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

Related Articles

Back to top button