വീട് നിർമ്മാണത്തിന്റെ അപേക്ഷയ്ക്കായി 2,500 രൂപ കൈകൂലി….വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിൽ….

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര, കാരോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സന്ദീപ് ആണ് പിടിയിലായത്. ലൈഫ് പദ്ധതിയിൽപെട്ട വീട് നിർമ്മാണത്തിന്റെ അപേക്ഷയ്ക്കായി 2,500 രൂപ കൈകൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
ലൈഫ് പദ്ധതിയിൽപെട്ട വീട് നിർമ്മാണത്തിന്റെ മൂന്നാം ഗഡുവിന് അപേക്ഷ നൽകിയപ്പോൾ ആണ് 2500 രൂപ കൈകൂലി ആവശ്യപ്പെട്ടത്. ഒന്നാംഘട്ടം രണ്ടാംഘട്ടവും നൽകിയപ്പോഴും കൈക്കൂലി വാങ്ങിയിരുന്നു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിൽ വിവരമറിയിച്ചത്.
തുടർന്ന് ഡിവൈഎസ്പി ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരാതിക്കാരന് ഫിനോതലിൻ പുരട്ടിയ 2500 രൂപ കൈമാറി. ഈ പണവുമായാണ് സന്ദീപിനെ പിടികൂടിയത്. 2016-17 കാലയളവുകളിൽ കൊല്ലത്തു നിന്നും സമാന കേസിൽ വിജിലൻസ് പിടികൂടിയിരുന്നു.



