പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണൻ കുട്ടി, രാത്രി തന്നെ പോസ്റ്റ്മോർട്ടം

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാൽപ്പാറ അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൊള്ളാച്ചിയിലെ ആശുപത്രിയിലെത്തി മന്ത്രി കെ കൃഷ്ണൻ കുട്ടി സാഹചര്യം വിലയിരുത്തി. ഉറ്റവരെ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിച്ച മന്ത്രി, എല്ലാവിധ സർക്കാർ സഹായവും ഉറപ്പുനൽകി. പൊള്ളാച്ചിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള 11 വയസുള്ള മസ്‌നി എന്ന പെൺകുട്ടിയെ സന്ദർശിച്ച മന്ത്രി, കുട്ടിയുടെ ചികിത്സാ വിവരങ്ങളും തിരക്കി. രാത്രി തന്നെ മുഴുവൻ മൃതദേഹവും പോസ്റ്റ്മോർട്ടം പൂർത്തിയാക്കുമെന്നും ഇതിനായി തമിഴ്നാട് സർക്കാരുമായി സംസാരിച്ച് പ്രത്യേക ഉത്തരവിറക്കിയെന്നും മന്ത്രി വ്യക്തമാക്കി. ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുന്ന മുറയ്ക്ക് പോസ്റ്റ്മോർട്ടം നടപടികൾ നടത്തും. പുലർച്ചക്ക് മുമ്പ് തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടർമാരും മറ്റു സൗകര്യങ്ങളും ആംബുലൻസിനും തയ്യാറാണെന്നും അദ്ദേഹം വിവരിച്ചു. പോസ്റ്റ്‌മോർട്ടം കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലായിരിക്കും നടക്കുക. പാലക്കാട്‌ എ ഡി എം സ്ഥലത്തുണ്ട്. കോയമ്പത്തൂർ കളക്ടറുടെ നേതൃത്വത്തിൽ നടപടികൾ ഊ‍ർജ്ജിതമാണെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി. കോയമ്പത്തൂർ ആശുപത്രിയിലെത്താനായി മന്ത്രി വി ശിവൻകുട്ടിയും അർധരാത്രി തിരിക്കും. പൊതുദർശനം നാളെ അമ്പലപ്പറമ്പ് ഗവണ്മെന്റ് ഹൈ സ്കൂളിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button