മുഖ്യമന്ത്രിയായ ശേഷം ആദ്യമായി വി.ഡി. സതീശൻ ഡൽഹിയിൽ…. കേരള ഹൗസിൽ സ്വീകരണമൊരുക്കാൻ ‘ടീം ജെൻസി’

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി രാജ്യതലസ്ഥാനത്ത് എത്തുന്ന വി.ഡി. സതീശന് സ്വീകരണമൊരുക്കാൻ വിദ്യാർത്ഥി കൂട്ടായ്മയായ ‘ജെൻസി’. ഇന്ന് രാത്രി ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രിക്ക് ‘ടീം ജെൻസി’യുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് വിമാനത്താവളത്തിലും കേരള ഹൗസിലും ഒരുക്കിയിരിക്കുന്നത്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ, ഡൽഹി സർവകലാശാല എന്നിവടങ്ങളിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ‘ടീം ജെൻസി’.
ഇന്ന് വൈകിട്ട് 7.30 ഓടെ കേരളത്തിൽ നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി രാത്രി പത്ത് മണിയോടെ ഡൽഹിയിൽ എത്തിച്ചേരും. തുടർന്ന് ഡൽഹിയിലെ കേരള ഹൗസിൽ വെച്ചായിരിക്കും ഔദ്യോഗിക സ്വീകരണ ചടങ്ങുകൾ നടക്കുക. നേരത്തെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെ ജെൻസി കൂട്ടായ്മ വി.ഡി. സതീശന് സ്വീകരണം നൽകിയത് പാർട്ടിക് പള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനവും പുതിയ സ്വീകരണവും രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
ഡൽഹി സന്ദർശനത്തിനിടെ കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ മുൻനിര നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിർണായക കൂടിക്കാഴ്ചകൾ നടത്തും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖർഗെ എന്നിവരുമായി അദ്ദേഹം പ്രത്യേകം ചർച്ചകൾ നടത്തും. സംസ്ഥാനത്ത് ഭരണം പിടിച്ചതിന് പിന്നാലെ ഹൈക്കമാൻഡിന് മുന്നിൽ വി.ഡി. സതീശന്റെ രാഷ്ട്രീയ പ്രതിച്ഛായ ഏറെ ഉയർന്നിട്ടുണ്ട്. വരാനിരിക്കുന്ന കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളാണ് കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട. കേരളത്തിൽ പാർട്ടിയിലും ഭരണത്തിലും ഒരേപോലെ സ്വാധീനമുറപ്പിച്ച വി.ഡി. സതീശന്റെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തള്ളിക്കളയാൻ ഇത്തവണ ഹൈക്കമാൻഡിന് സാധിക്കില്ല. സതീശൻ നിർദ്ദേശിക്കുന്ന ഭാരവാഹികൾക്ക് പുനസംഘടനയിൽ മുൻഗണന ലഭിക്കുമെന്നാണ് സൂചന.



