പ്രവർത്തനം ആരംഭിക്കാത്ത ആശുപത്രി കെട്ടിടത്തിനടുത്ത് നിന്നും ദുർഗന്ധം, സംശയം തോന്നി സമീപത്തെ കിണർ പരിശോധിച്ചപ്പോൾ..

രാമനാട്ടുകര തോട്ടുങ്ങൽ പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിക്കാത്ത ആശുപത്രി കെട്ടിടത്തിന്റെ വളപ്പിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്തെ ഒരു വീട്ടിലെത്തിയ യാത്രക്കാരാണ് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരത്ത് പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു.
തുടർന്ന് ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അടുത്ത ദിവസങ്ങളിൽ പ്രദേശത്തുനിന്നും കാണാതായവരെ കേന്ദ്രീകരിച്ചും പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



