ശബരിമലയിൽ ട്രാൻസ്ജെൻഡർ ദർശനം… സുപ്രീംകോടതി വിധിക്ക് ശേഷം…

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി പുറത്തുവന്നതിന് ശേഷം ട്രാൻസ്ജെൻഡർ വ്യക്തിക്ക് ദർശനം അനുവദിക്കുന്നതിൽ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വക്കേറ്റ് ജനറൽ ജെയ്ജു ബാബു കോടതിയെ അറിയിച്ചു.

ചെങ്കൽപെട്ട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തി സത്യശ്രീ ഷർമിള റഹ്മത്തലി ശബരിമല ദർശനത്തിന് അനുമതി തേടി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവനും കെ.വി. ജയകുമാറും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഉൾപ്പെടെയുള്ള കക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഒക്ടോബർ 22 വരെ സമയം അനുവദിച്ചു. നിലവിലെ സ്ത്രീപ്രവേശന കേസിൽ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി കൂടി പരിഗണിച്ച ശേഷമാകും ട്രാൻസ്ജെൻഡർ വ്യക്തിക്ക് ശബരിമല ദർശനത്തിന് അനുമതി നൽകുന്നതിൽ അന്തിമ നിലപാട് സ്വീകരിക്കുകയെന്നാണ് സർക്കാരിന്റെ നിലപാട്.

Related Articles

Back to top button