അതിതീവ്ര മഴയും റെഡ് അലർട്ടും… വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി…

വയനാട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ അതിതീവ്രമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ബുധനാഴ്ച വിദ്യാലയങ്ങൾക്ക് അവധി നൽകാൻ തീരുമാനിച്ചതെന്ന് വയനാട് ജില്ലാ കളക്ടർ മേഘ ശ്രീ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.അതേസമയം, ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ വൻ മണ്ണിടിച്ചിൽ മേഖലയിൽ രാത്രി വൈകിയും തിരച്ചിൽ തുടരുമെന്ന് ജില്ലാ കളക്ടർ മേഘ ശ്രീ പറഞ്ഞു. രക്ഷാപ്രവർത്തനം ശക്തമാക്കുന്നതിനായി ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് യൂണിറ്റുകൾ കൂടി ഉടൻ സംഭവസ്ഥലത്ത് എത്തും. ദുരന്തമേഖലയിലെ മണ്ണ് പൂർണ്ണമായി മാറ്റി മുഴുവൻ സ്ഥലങ്ങളിലും വിശദമായ പരിശോധന നടത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം. അപകടത്തിൽ എത്രപേരെ കാണാതായിട്ടുണ്ട് എന്ന കാര്യത്തിൽ നിലവിൽ കൃത്യമായ വ്യക്തത വന്നിട്ടില്ലെന്നും ഇതിനായുള്ള ലിസ്റ്റ് തയ്യാറാക്കി വരികയാണെന്നും കളക്ടർ അറിയിച്ചു. നിലവിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ മണ്ണിൽ നിന്നും പുറത്തെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഒമ്പത് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും കളക്ടർ മേഘ ശ്രീ വ്യക്തമാക്കി. വയനാട് – കള്ളാടി തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് ഇന്ന് രാവിലെ ദാരുണമായ അപകടമുണ്ടായത്. കനത്ത മഴയെത്തുടർന്ന് പാലത്തിനടുത്തുള്ള വലിയ കുന്ന് ഇടിഞ്ഞ് നിർമ്മാണ സ്ഥലത്തേക്ക് പതിക്കുകയായിരുന്നു. തുരങ്കപാതയ്ക്കായി എടുത്തുവെച്ചിരുന്ന മണ്ണ് ശക്തമായ മഴയിൽ താഴേക്ക് നിരങ്ങി വന്നതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ മണ്ണിടിച്ചിലിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ അഞ്ച് മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണപ്പെട്ടവരെല്ലാം അതിഥി തൊഴിലാളികളാണ്. നിലവിൽ ആറ് പേരെ കാണാനില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇവർക്കായുള്ള തിരച്ചിൽ ഫയർഫോഴ്സും എൻഡിആർഎഫും നാട്ടുകാരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.



