ജില്ലയിലെ പോക്‌സോ കേസുകളുടെ വർദ്ധനവ്… പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ വർഷങ്ങളായി പോക്‌സോ കേസുകൾ താരതമ്യേന കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നു. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ സാഹചര്യങ്ങളാണ് പ്രധാനമായും സമിതി അന്വേഷിക്കുക.

പത്താം കേരള നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിലും ഇത്തരത്തിലൊരു സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന നിർദ്ദേശമുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രിയുടെ അടിയന്തര നടപടി. എഐജി പൂങ്കുഴലി തലവയാകുന്ന ഈ ടാസ്‌ക് ഫോഴ്‌സിൽ ജില്ലയിലെ വിവിധ ഔദ്യോഗിക പ്രതിനിധികളും ഉൾപ്പെടും. ജില്ലാ ജനജാഗരൺസമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് ആൻഡ് വെൽഫയർ ഓഫീസർ, വിവിധ വനിതാ സംഘടനകളുടെ പ്രതിനിധികൾ എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലെ മറ്റ് അംഗങ്ങൾ. മൂന്ന് ദിവസത്തിനുള്ളിൽ ഈ ടാസ്‌ക് ഫോഴ്‌സ് ഔദ്യോഗികമായി രൂപീകരിക്കാനും, മൂന്ന് മാസത്തിനകം കൃത്യമായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കാനുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയിരിക്കുന്നത്.

ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട് ഫോണുകളുടെയും മറ്റ് ഗാഡ്‌ജെറ്റുകളുടെയും വ്യാപകമായ ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും പ്രതികരണത്തിലും മാനസിക നിലയിലും വരുത്തുന്ന മാറ്റങ്ങൾ സമിതി വിശദമായി പരിശോധിക്കും. വിവിധ സാമൂഹ്യ പശ്ചാത്തലത്തിലുള്ള കുട്ടികളിൽ ഇവയുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന അന്വേഷണ പരിധിയിൽ വരും. വ്യാവസായിക മേഖലയ്ക്ക് അടുത്തായ വാളയാർ പോലുള്ള പ്രദേശങ്ങളിൽ മാതാപിതാക്കൾ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകേണ്ടി വരുന്ന സാഹചര്യമുണ്ട്. ഈ ഡിജിറ്റൽ കാലഘട്ടത്തിൽ മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ കുട്ടികൾ കൂടുതലായി സ്മാർട്ട് ഫോണുകളെ ആശ്രയിക്കുന്നതും അത് അവരുടെ ജീവിത സാഹചര്യങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും സമിതി വിലയിരുത്തും.

കുട്ടികൾക്കെതിരെ നടക്കുന്ന ഇത്തരം ചൂഷണങ്ങൾ തടയാൻ പോലീസിനെ കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, പിആർഡി എന്നീ വകുപ്പുകളുടെ സംഘടിതമായ പരിശ്രമം ആവശ്യമാണെന്ന ചിന്തയിലാണ് ഇത്തരമൊരു ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിരിക്കുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണം, മനശാസ്ത്രപരമായ കൗൺസിലിങ്, കുട്ടികൾക്ക് നൽകേണ്ട മാനസിക പിന്തുണ, അവരുടെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ള മറ്റ് പ്രായോഗിക മാർഗ്ഗങ്ങൾ എന്നിവയെല്ലാം ടാസ്‌ക് ഫോഴ്‌സ് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button