മുക്കാൽ മണിക്കൂർ കാത്തിരിക്കാൻ പറഞ്ഞിട്ട് മടക്കി അയച്ചു… ചോദ്യം ചെയ്ത യുവാവിന്…

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ ബാർബർഷോപ്പിലെത്തിയ യുവാവിനെ തൊഴിലാളികൾ ക്രൂരമായി മർദ്ദിച്ചു. ഏറെ നേരം കാത്തിരിക്കാൻ ആവശ്യപ്പെട്ട ശേഷം മടങ്ങിപ്പോകാൻ പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം. ചെറുമോത്ത് സ്വദേശി സമീറിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഷേവ് ചെയ്യുന്നതിനായി കല്ലാച്ചിയിലെ ബാർബർഷോപ്പിലെത്തിയ സമീറിനോട് ജീവനക്കാർ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മുക്കാൽ മണിക്കൂറോളം യുവാവ് കടയിൽ കാത്തിരുന്നു. എന്നാൽ പിന്നീട് കട അടയ്ക്കാൻ പോവുകയാണെന്നും മടങ്ങിപ്പോകണമെന്നും ജീവനക്കാർ സമീറിനോട് ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രകോപിതരായ തൊഴിലാളികൾ സമീറിനെ നടുറോഡിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെയാണ് മർദ്ദനം അവസാനിപ്പിച്ചത്. സംഭവത്തിൽ യുപി സ്വദേശികളായ പക്രു, സമീർ എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


