‘പ്രിയദർശിനി’ പദ്ധതിയെ പരിഹസിക്കുന്നവർ പാവപ്പെട്ട സ്ത്രീകളെയാണ് അപമാനിക്കുന്നത്…. എസ്. ശാരദക്കുട്ടി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സൗജന്യ വനിതാ ബസ് യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ എഴുത്തുകാരി എസ്. ശാരദക്കുട്ടി. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെത്തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പദ്ധതി നടപ്പിലാകുമ്പോൾ കെഎസ്ആർടിസിക്കും സ്വകാര്യ ബസ് ഉടമകൾക്കും സാമ്പത്തിക നഷ്ടമുണ്ടാകാം എന്നത് ശരിയാണ്. എന്നാൽ സ്വന്തം വീട്ടുപണി കഴിഞ്ഞ് മറ്റുള്ളവരുടെ വീടുകളിൽ ജോലിക്ക് ഓടിക്കൊണ്ടിരിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക്, ബസ് ചാർജ് ഇനത്തിൽ ലാഭിക്കാൻ കഴിയുന്ന ഈ ചെറിയ തുക നൽകുന്ന സാമ്പത്തിക ആശ്വാസം വളരെ വലുതാണെന്ന് ശാരദക്കുട്ടി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം….

സ്‌ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.ഓർഡിനറി ബസ് കണ്ടാലെങ്ങനെയാ തിരിച്ചറിയുക എന്ന് എന്നോട് അന്വേഷിച്ച ഒരു സ്ത്രീ പറഞ്ഞത് റിട്ടേൺ ഓട്ടോക്ക് കൊടുക്കാൻ പത്തു രൂപ പോലും കയ്യിലില്ലാതെ രാവിലെ നടന്ന് നടന്ന് ഫ്ലാറ്റുകളിൽ പണിക്കെത്തുന്നതിനെ കുറിച്ചാണ്ഞാൻ ഓർഡിനറി ബസുകളുടെ ചിത്രം കാണിച്ച് തിരിച്ചറിയേണ്ടതെങ്ങനെ എന്നും അവരുടെ stop ൽ എപ്പോൾ എത്തുമെന്നും പറഞ്ഞു കൊടുത്തു.ഞങ്ങളുടെ വീടിന് മുന്നിലൂടെ പോകുന്ന ഒരേയൊരു ordinary bus നിറയെ ഇനി ഈ ആശ്വാസം എന്നും കാണാനാകട്ടെ. അതിലധികം പേരും ചെറിയ വരുമാനത്തിന് സ്വകാര്യ സ്ഥാപനങ്ങളിലോ വീടുകളിലോ പണിക്ക് പോകുന്നവരാണ്.

നനഞ്ഞ കുടയും ബാഗും കയ്യിലേന്തി അവർ ദീർഘദൂരം നടന്നു പോകുന്ന കഷ്ട ക്കാഴ്ച ഈ വരുന്ന 15 -ാ0 തീയതി മുതൽ കാണേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു.KSRTC ക്ക് മാത്രമല്ല സ്വകാര്യ ബസ്സുടമകൾക്കും ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കും. പക്ഷേ സ്വന്തം വീട്ടുപണിയിൽ നിന്ന് മറ്റുള്ളവരുടെ വീട്ടുപണിയിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന പാവം സ്ത്രീകൾക്ക് ഈചെറിയ തുക കൊണ്ട് ലഭിക്കുന്ന സാമ്പത്തികാശ്വാസം വലുതാണ്.സർക്കാരിന് ഈ സംരഭം വിജയകരമായി തുടരാനാകട്ടെ. നമ്മൾ അടയ്ക്കുന്ന നികുതിപ്പണം കൊണ്ട് അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകൾക്ക് ഇങ്ങനെ ഒരു പ്രയോജനം കിട്ടുന്നത് വ്യക്തിപരമായി എന്നെ വളരെ ആഹ്ലാദിപ്പിക്കുന്നുണ്ട്. എണ്ണിച്ചുട്ടു വീട്ടിൽ കൊണ്ടുവരുന്ന അവരുടെ ദൈനന്ദിന വരുമാനം കൊണ്ടാകരുതല്ലോ ഖജനാവ് ഭദ്രമാക്കേണ്ടത്.

എസ്. ശാരദക്കുട്ടി

Related Articles

Back to top button