“ഇവൻ എന്റെ മകനാണ്”…. സതീശന്റെ സത്യപ്രതിജ്ഞാ വേദിയിൽ സ്നേഹത്തിന്റെ തണലായി അമ്മാളു അമ്മ

തിരുവനന്തപുരം: അധികാരത്തിന്റെ ഔദ്യോഗിക പകിട്ടുകൾക്കിടയിലും വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സാക്ഷ്യം വഹിച്ചത് അത്യപൂർവ്വമായ ഒരു സ്നേഹനിമിഷത്തിന്. തന്റെ പ്രിയപ്പെട്ട മകനെ കാണാൻ പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ ഭേദിച്ച് വേദിയിലെത്തിയ അമ്മാളു അമ്മ എന്ന വയോധികയും അവരെ ചേർത്തുപിടിച്ച നിയുക്ത മുഖ്യമന്ത്രിയും ചടങ്ങിലെ ഏറ്റവും മനോഹരമായ കാഴ്ചയായി.
ആരോരുമില്ലാത്ത തന്നെ സ്വന്തം മകനെപ്പോലെ ചേർത്തുപിടിച്ച വി.ഡി. സതീശനെ നേരിൽ കാണാനാണ് അമ്മാളു അമ്മ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയത്. അവർക്ക് ‘അമ്മാളു’ എന്ന പേരിട്ടത് പോലും വി.ഡി. സതീശനാണ്. സഹോദരങ്ങളോ മക്കളോ ഇല്ലാത്ത അവർക്ക് പ്രളയകാലത്തും മറ്റും താങ്ങായി നിന്നതും അവർക്കായി വീട് നിർമ്മിച്ചു നൽകിയതും അദ്ദേഹമായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്കിടയിൽ വേദിയിലെത്തിയ അമ്മാളു അമ്മയെ വി.ഡി. സതീശൻ സ്നേഹത്തോടെ സ്വീകരിക്കുകയും രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരിചയപ്പെടുത്തുകയും ചെയ്തു. തനിക്കൊപ്പം വി.ഡി. സതീശൻ നിൽക്കുന്ന പഴയ ഫോട്ടോകളും കയ്യിൽ കരുതിയാണ് അവർ എത്തിയത്. ഒരു ജനപ്രതിനിധിയും സാധാരണക്കാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു ഈ ദൃശ്യം.



