പാല നഗരസഭയിൽ ചെയർപേഴ്‌സനുള്ള പിന്തുണ പിൻവലിച്ചുവെന്ന് അഞ്ച് കോൺഗ്രസ് കൗൺസിലർമാർ

പാല നഗരസഭയിൽ ഭരണപക്ഷം രണ്ട് തട്ടിൽ. ചെയർപേഴ്‌സനുള്ള പിന്തുണ പിൻവലിച്ചുവെന്ന് അഞ്ച് കോൺഗ്രസ് കൗൺസിലർമാർ. ഡിവൈഎഫ്‌ഐക്ക് ബസ് സ്റ്റാന്റിൽ സമ്മേളനം നടത്താനുള്ള അനുമതിയെ ചൊല്ലിയാണ് പുതിയ പോര് ഉണ്ടായത്. സിപിഐഎമ്മുമായി ചേർന്ന് പുളിക്കകണ്ടം കൗൺസിലർമാർ യുഡിഎഫിനെ ചതിച്ചുവെന്ന് പാർലിമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ പറഞ്ഞു. എന്നാൽ, ആരോപണങ്ങൾ ചെയർപേഴ്സൺ നിഷേധിച്ചു .സിപിഐഎമ്മുമായി അവിശുദ്ധസഖ്യം വെച്ചുപുലർത്തുന്ന സ്വതന്ത്ര മുന്നണിയെ ഇനി പിന്തുണയ്ക്കുവാൻ ആത്മാഭിമാനം അനുവദിക്കില്ല എന്നും കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാൻഡ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന് വിട്ടുകൊടുക്കരുത് എന്ന നിലപാട് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഈ വിഷയം കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ കോൺഗ്രസ് നിലപാടിനെ അട്ടിമറിക്കാനും, സിപിഐഎം നിലപാട് വിജയിപ്പിക്കുവാനുമായി കൗൺസിലർമാരായ ബിനു പുളിക്കകണ്ടം ബിജു പുളിക്കകണ്ടം എന്നിവർ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഇവർ ആരോപിക്കുന്നു. അജണ്ട മാറ്റിവെക്കാൻ തയ്യാറാകാതെ ചെയർപേഴ്‌സൺ ദിയ ബിനു വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നയിക്കുകയും എൽഡിഎഫ് നിലപാട് വിജയിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് നടത്തിയത് എന്നും കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു.

കോൺഗ്രസിന്റെ പിന്തുണയിൽ സിപിഐഎമ്മിന് വിടുവേല ചെയ്യുന്നവരെ ഭരണത്തിൽ പിന്തുണയ്ക്കാനുള്ള ബാധ്യത ഒരു കോൺഗ്രസുകാരനും ഇല്ലെന്ന് കോൺഗ്രസ് പാർലമെന്ററി ലീഡർ ടോണി തൈപ്പറമ്പിൽ വ്യക്തമാക്കി. മാണി ഗ്രൂപ്പിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്തുവാനായി വിട്ടുവീഴ്ച ചെയ്ത് കോൺഗ്രസ് നിലപാടെടുത്തത് സിപിഐഎമ്മിന് ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്തുവാൻ അല്ല. ബിനു പുളിക്കകണ്ടവും ലാലിച്ചൻ ജോർജും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ സഖ്യം പാലാ നഗരസഭയെ നിയന്ത്രിക്കുന്ന സാഹചര്യങ്ങൾ അംഗീകരിക്കുകയോ വകവച്ചു കൊടുക്കുകയോ ചെയ്യുകയില്ല എന്ന് മാത്രമല്ല അതിന് പ്രതിരോധിക്കുവാനും കോൺഗ്രസ് മുൻനിരയിൽ ഉണ്ടാകും – അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button