തിരുവഞ്ചൂർ വരുന്നു, ചാണ്ടി ഉമ്മൻ പുറത്തേക്ക്?…. കോൺഗ്രസ് മന്ത്രിപ്പട്ടികയിൽ വൻ അഴിച്ചുപണി…. ബൽറാം സ്പീക്കറായേക്കും

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ, കോൺഗ്രസ് മന്ത്രിപ്പട്ടികയിൽ വലിയ അഴിച്ചുപണികൾ നടക്കുന്നതായി സൂചന. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇതോടെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ മന്ത്രിസ്ഥാനത്തിനുള്ള സാധ്യതകൾ മങ്ങി.
കോട്ടയത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ, വി.ടി. ബൽറാം സ്പീക്കർ പദവിയിലേക്ക് എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പാർട്ടി സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് തിരുവഞ്ചൂരിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പട്ടികവർഗ്ഗ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. തനിക്ക് പുറമെ തന്റെ വിശ്വസ്തരെക്കൂടി പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസ്ഥാനത്തിനായി അവകാശവാദങ്ങൾ ശക്തമാകുന്നതിനിടെ ടി. സിദ്ധിഖ് മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ആദ്യം 12,000 പേരെ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രവർത്തകരുടെ തിരക്ക് കണക്കിലെടുത്ത് 50,000 പേർക്ക് ഇരിക്കാവുന്ന വിപുലമായ പന്തലാണ് സജ്ജീകരിക്കുന്നത്. പന്തൽ നിർമ്മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്.




