വ്യാജ ജാതിസർട്ടിഫിക്കറ്റുകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു; എസ് സി പ്രമോട്ടർ അറസ്റ്റിൽ

കോർപ്പറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായി നടപ്പാക്കിയ സ്വയംതൊഴിൽ വായ്പാ സബ്‌സിഡി പദ്ധതിയിൽ വൻ തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന പ്രതിയെ വിജിലൻസ് പിടികൂടി. കോർപ്പറേഷനിലെ മുൻ എസ്.സി. പ്രമോട്ടർ എസ്. സിന്ധു (55)ആണ് അറസ്റ്റിലായത്. 2021-22 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ പദ്ധതിയിൽ നിന്നുള്ള 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംരംഭക ഗ്രൂപ്പുകൾക്ക് സബ്‌സിഡി വിതരണം ചെയ്തതായി വ്യാജരേഖകൾ സൃഷ്ടിച്ച്, തുക സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതുകൂടാതെ, പട്ടികജാതി വനിതകൾക്കായുള്ള മറ്റൊരു പദ്ധതിയിൽ 1.26 കോടി രൂപയും, ജനറൽ വിഭാഗം വനിതകൾക്കായുള്ള സംരംഭ പദ്ധതികളിൽ 1.14 കോടിയും 3.57 കോടിയും രൂപയുടെ ക്രമക്കേടുകൾ നടത്തിയ കേസുകളിലും സിന്ധു പ്രതിയാണ്. വർഷങ്ങളായി സഹകരണ സംഘങ്ങളെ മറയാക്കി സബ്‌സിഡി തുക തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. ഗുണഭോക്താക്കൾ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ ശേഖരിച്ച് വ്യാജ രേഖകൾ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
ഓഡിറ്റ് പരിശോധനയിൽ ജാതി സർട്ടിഫിക്കറ്റുകളിൽ ഉണ്ടായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. താലൂക്ക് ഓഫീസിൽ നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിന്നിൽ വലിയ സംഘമുണ്ടെന്ന് കണ്ടെത്തി.
ആദ്യം മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. ദീർഘനാളായി തുടരന്വേഷണം മന്ദഗതിയിലായിരുന്ന കേസിൽ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് പ്രതിയെ അറസ്റ്റുചെയ്തു. സിന്ധുവിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



