‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്…. അപകടത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകും’… ജുഡീഷ്യൽ കമ്മിഷൻ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പ്രാഥമിക നിഗമനങ്ങളുമായി ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കാൻ കാരണം വെടിമരുന്നിന്റെ അമിത ഉപയോഗവും സുരക്ഷാ വീഴ്ചയുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് ലഭിച്ചാലുടൻ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിക്കെട്ട് പുരയിൽ വലിയ തോതിലുള്ള ചട്ടലംഘനം നടന്നിട്ടുണ്ട്. ഷെഡുകൾ തമ്മിൽ നിശ്ചിത അകലം പാലിച്ചിരുന്നില്ല. ഷെഡുകൾ അടുപ്പിച്ചു നിർമ്മിച്ചതിനാലാണ് തീ പടർന്ന് അപകടത്തിന്റെ ആഘാതം വർദ്ധിച്ചത്. തൃശ്ശൂർ പൂരം നടക്കുന്നത് കടുത്ത ചൂടുള്ള കാലാവസ്ഥയിലാണ്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നത് തന്നെ വെടിമരുന്ന് തീപിടിക്കാൻ കാരണമായേക്കാം. ഇത് മുൻകൂട്ടി കണ്ടുള്ള മുൻകരുതലുകൾ എടുക്കുന്നതിൽ അശ്രദ്ധ സംഭവിച്ചു.
വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്യില്ല. അത് ഉത്സവങ്ങളുടെ ഭാഗവും ജനങ്ങളെ ആകർഷിക്കുന്ന ഒന്നുകൂടിയാണ്. അത് തടയുന്നത് ശരിയായ നടപടിയല്ല. എന്നാൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. അപകടസ്ഥലത്തേക്ക് വാഹനങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. ഇത്തരം സ്ഥലങ്ങളിൽ വെടിക്കെട്ട് പുരകൾക്ക് അനുമതി നൽകിയതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. കേരളത്തിൽ ഇനി ഇത്തരമൊരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



