പത്തനംതിട്ട പള്ളി സെമിത്തേരിലെ ഗ്രാനൈറ്റ് മോഷണം….മൂന്ന് പേർ പിടിയിൽ…

പത്തനംതിട്ട: പത്തനംതിട്ടയില്‍ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. കന്യാകുമാരി സ്വദേശി സുന്ദര്‍ സിംഗ് , വെസ്റ്റ് ബംഗാള്‍ സ്വദേശി സുര്‍ജിത്, മല്ലപ്പള്ളി സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. കീഴ്‌വായ്പൂർ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ഗ്രാനൈറ്റ് തൊഴിലാളികളാണ് പ്രതികള്‍. മല്ലപ്പള്ളിയില്‍ മാതാ ഗ്രാനൈറ്റ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തുകയായാണിവര്‍.
ഓഡർ പ്രകാരം പ്രതികള്‍ കല്ലറയില്‍ ഗ്രാനൈറ്റ് സ്ഥാപിക്കും. പിന്നീട് അതേ കല്ലറയില്‍ നിന്ന് പ്രതികള്‍ ഗ്രാനൈറ്റ് മോഷ്ടിക്കും. മോഷ്ടിച്ച ഗ്രാനൈറ്റ് ഓഡര്‍ കിട്ടുന്ന മറ്റ് കല്ലറകളിലേക്ക് പ്രതികള്‍ തന്നെ മാറ്റി സ്ഥാപിക്കും. ഇളക്കി മാറ്റാന്‍ പറ്റുന്ന രീതിയിലാണ് പ്രതികള്‍ ഗ്രാനൈറ്റ് സ്ഥാപിക്കുക. പ്രതികളില്‍ ഒരാളുടെ കാറിലാണ് മോഷ്ടിച്ച ഗ്രാനൈറ്റ് കടത്തുക.
ഗ്രാനൈറ്റ് കയറ്റി വെയ്ക്കാന്‍ കാറില്‍ സീറ്റ് പ്രത്യേക രീതിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു കല്ലറയില്‍ ഗ്രാനൈറ്റ് സ്ഥാപിക്കാന്‍ 45,000 രൂപ വരെ ഈടാക്കിയെന്നാണ് വിവരം. പൊലീസ് അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്ത് വന്നത്. പ്രതികള്‍ ഗ്രാനൈറ്റ് കടയില്‍ ഷട്ടര്‍ അടച്ചിട്ട് അകത്ത് മദ്യപിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് എത്തി ഇവരെ പിടികൂടിയത്.



