കൈയിൽ കിട്ടിയ കള്ളനെ കസ്റ്റഡിയിൽ എടുക്കാതെ ഓടിച്ച് വിട്ടു, കള്ളൻ വേറെ വീട്ടിൽ മോഷണത്തിന് കയറി; പൊലീസിനെതിരെ പരാതി

കൊച്ചിയിൽ മോഷ്ടാവിനെ പൊലീസ് ഓടിച്ച് വിട്ടതായി പരാതി. പൊലീസിന്റെ കൈയിൽ കിട്ടിയ കള്ളനെ കസ്റ്റഡിയിൽ എടുക്കാതെ വെറുതെ വിട്ടെന്നാണ് പരാതി. ഇതേ മോഷ്ടാവ് വീണ്ടും മോഷണനെത്തിയതാണ് കൂടുതൽ പ്രശ്നത്തിലേക്ക് വഴിവച്ചത്. വീട്ടുകാർ ഉണർന്നപ്പോൾ കള്ളൻ ഓടി രക്ഷപെടുകയും ചെയ്തെന്നും പ്രദേശവാസികൾ പറയുന്നു.
ഇന്ന് പുലർച്ച 1.30ന് ആലുവ മണപ്പുറം ശിവ ടെംപിൾ റോഡിൽ എറണാകുളം റൂറൽ എസ്പിയുടെ വീടിന് സമീപമാണ് സംഭവം. കമ്പി പാര ഉപയോഗിച്ച് പിൻ വാതിലും, ജനലുകളും തകർത്താണ് അകത്തു കടന്നത്. വീട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞ അയൽവാസികൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കാതെ അവിടെ നിന്ന് ഓടിച്ചുവിടുകയായിരുന്നു. എന്നാൽ, പൊലീസ് ഓടിച്ചുവിട്ട മോഷ്ടാവ് പുലർച്ചെ നാലോടെ വീണ്ടും മോഷണത്തിനെത്തിയതായി നാട്ടുകാർ പറയുന്നു.
പ്രദേശവാസികൾ എത്തിയതോടെ ഓടിക്കളയുകയായിരുന്നു. ഇതോടെയാണ് പൊലീസിനെതിരെ പരാതി ഉയർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.



