‘പെൻഷൻ കൊടുത്തത് ചുമതലക്കാരന് പനിയായതിനാൽ’…. പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം. ഷാജി

മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ വെച്ച് ക്ഷേമ പെൻഷൻ വിതരണം ചെയ്ത സംഭവത്തിൽ നിയമസഭയിൽ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. പെൻഷൻ വിതരണത്തിൽ പരാതികളൊന്നും ഉയർന്നിട്ടില്ലെന്നും, പണം വിതരണം ചെയ്ത കെട്ടിടം നിലവിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്നില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. കെ. പ്രേംകുമാർ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി തികച്ചും ക്രമവിരുദ്ധമായാണ് മലപ്പുറത്ത് പെൻഷൻ വിതരണം നടന്നതെന്ന് കെ. പ്രേംകുമാർ എംഎൽഎ ആരോപിച്ചു. വിഷയം അഴിമതി ആരോപണത്തിന്റെ പരിധിയിൽ വരുന്നതാണെന്നും, ശ്രദ്ധ ക്ഷണിക്കലായല്ല ഇത് അവതരിപ്പിക്കേണ്ടതെന്നും സ്പീക്കർ ഇതിനിടെ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് അധികൃതർക്കെതിരെ കൂടി കർശന നടപടി വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
പെൻഷൻ വിതരണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് പനി ബാധിച്ചതാണ് പ്രത്യേക സാഹചര്യത്തിന് കാരണമായതെന്ന് മന്ത്രി കെ.എം ഷാജി വിശദീകരിച്ചു. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് പെൻഷൻ വിതരണം സമീപത്തെ മുറിയിലേക്ക് മാറ്റിയത്. സംഭവത്തിൽ വീഴ്ച വരുത്തിയ പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ഉടനടി ചുമതലയിൽ നിന്ന് നീക്കിയതായി മന്ത്രി അറിയിച്ചു. മേലാൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് കർശന താക്കീതും നൽകിയിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും, ശരിയായ നടപടിയല്ല നടന്നതെന്ന കൃത്യമായ ബോധ്യം സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനി ഒരു സ്ഥലത്തും ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്നും, ഇത് ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും മന്ത്രി കെ.എം ഷാജി നിയമസഭയിൽ ഉറപ്പുനൽകി.


