താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം…. ഭർത്താവിനെതിരെ കേസെടുത്തു…..

താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ ആണ് കേസെടുത്തത്. ഭാര്യ ദിവ്യയുടെ ബ്യൂട്ടി പാർലറിന് സമീപം വെച്ച് ക്രൂരമായി മർദിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നുമുള്ള പരാതിയിലാണ് നടപടി. പരാതി നൽകി ഒരാഴ്ചയ്ക്കു ശേഷമാണ് പൊലീസ് കേസെടുക്കുന്നത്. മർദന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
വിനീഷുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് ദിവ്യ രണ്ട് മക്കളുമായി മാറിത്താമസിച്ചു വരികയായിരുന്നു. ഇതിനിടെ ആണ് താമരശേരി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ദിവ്യയുടെ ബ്യൂട്ടിപാർലറിന് മുന്നിൽവെച്ച് യുവതി മർദനത്തിനിരയായത്. മർദനം ചോദ്യംചെയ്ത യുവതിയുടെ അച്ഛൻ ഗോപാലനെ വിനീഷ് അപമാനിച്ചു വിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആണ് വിമുക്ത ഭടൻ കൂടിയായ ഗോപാലൻ റോഡിൽ കുഴഞ്ഞുവീണു മരിച്ചത്. തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.



