“വിദ്യാർത്ഥികളെ കൊന്നത് സർക്കാർ”….. നീറ്റ് വിവാദത്തിൽ മോദിയുടെ മൗനത്തിനെതിരെ രാഹുൽ ഗാന്ധി

നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെയും ദേശീയ പരീക്ഷാ ഏജൻസിയെയും (NTA) പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകൾ. ചോദ്യപേപ്പർ തയ്യാറാക്കാൻ എൻടിഎ നിയോഗിച്ച പാനലിലെ അംഗങ്ങളായ രണ്ട് അധ്യാപകരെ സിബിഐ അറസ്റ്റ് ചെയ്തതോടെ പരീക്ഷാ നടത്തിപ്പിലെ കടുത്ത സുരക്ഷാവീഴ്ച പുറത്തായിരിക്കുകയാണ്. രസതന്ത്ര അധ്യാപകൻ പി.വി. കുൽക്കർണി, ബയോളജി അധ്യാപിക മനീഷ ഗുരുനാഥ് എന്നിവരെയാണ് സിബിഐ പിടികൂടിയത്. സുവോളജി, ബോട്ടണി പേപ്പറുകൾ തയ്യാറാക്കിയ സംഘത്തിലുണ്ടായിരുന്ന ഇവർ ചോദ്യങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. മഹാരാഷ്ട്രയ്ക്ക് പുറമെ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചു. കേരളത്തിൽ പത്തനംതിട്ടയിലെ ചില കേന്ദ്രങ്ങളിൽ സംസ്ഥാന ഇന്റലിജൻസ് പരിശോധന നടത്തി. ചില കോച്ചിംഗ് സെന്ററുകളും സിബിഐയുടെ നിരീക്ഷണത്തിലാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. രാജസ്ഥാനിലെ സിക്കറിൽ പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ, “ഇത് സർക്കാർ നടത്തിയ കൊലപാതകമാണെന്ന്” രാഹുൽ ആഞ്ഞടിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദങ്ങൾക്കിടെ എൻടിഎയിൽ നാല് പുതിയ ഉദ്യോഗസ്ഥരെ കേന്ദ്രം നിയമിച്ചു. ഘടനാപരമായ മാറ്റങ്ങളുടെ ഭാഗമായി രണ്ട് ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ജോയിന്റ് ഡയറക്ടർമാരെയുമാണ് നിയമിച്ചത്.

Related Articles

Back to top button