റിലേഷൻഷിപ്പ് അവസാനിപ്പിച്ചതിലെ വൈരാഗ്യം… പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

മാനന്തവാടി: റിലേഷൻഷിപ്പ് അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത യുവാവിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് പൊലീസ് പിടികൂടിയത്. കുട്ടിയെ പൊതുസ്ഥലങ്ങളിൽ പിന്തുടർന്ന് ശല്യം ചെയ്യുകയും മാനഹാനി വരുത്തുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ലൈംഗിക ഉദ്ദേശത്തോടെയുള്ള പെരുമാറ്റവും ഇയാൾ നടത്തിയതായി പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS), പോക്‌സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കെ. സോബിൻ, സുനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സി. ലിഥിൻ, സി.എം. നിസാർ, മുഹമ്മദ് റാഷിദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



