ടാങ്കർ മറിഞ്ഞു.. ഇന്ധനം ശേഖരിക്കാൻ ആളുകൾ എത്തി..പൊട്ടിത്തെറിച്ച് അപകടം.. 94 മരണം..50 പേർക്ക് പരിക്ക്…
ടാങ്കർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ 94 മരണം.അൻപതോളം പേർക്ക് പരുക്കേറ്റു.തലകീഴായി മറിഞ്ഞ ടാങ്കറിൽ നിന്നും ഇന്ധനം ശേഖരിക്കാൻ നിരവധി പേർ എത്തിയിരുന്നു. എന്നാൽ ഇതിനിടെ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ പുലർച്ചെയായിരുന്നു സംഭവം. കനോയിൽ നിന്നും യൊബെയിലെ ൻഗുരുവിലേക്ക് പോകുകയായിരുന്നു ടാങ്കർ. മജിയ പട്ടണത്തിൽ വെച്ച് ട്രക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ടാങ്കർ മറിഞ്ഞതെന്നാണ് നിഗമനം. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയതാണ് മരണനിരക്ക് കുത്തനെ ഉയരാൻ കാരണമായത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ടാങ്കറിന് അടുത്തേക്ക് പോകരുതെന്ന നിർദ്ദേശം ജനങ്ങൾക്ക് നൽകിയിരുന്നുവെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും പൊലീസ് പറഞ്ഞു. പലരേയും തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ മരണപ്പെട്ടവരെ കൂട്ടമായി സംസ്കരിക്കാനാണ് തീരുമാനം.



