മുല്ലപ്പെരിയാറിൽ വെള്ളം കുറയുന്നു; മഴയ്ക്കായി പ്രത്യേക പൂജ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ മഴയ്ക്കായി തമിഴ്നാട്ടിൽ പ്രത്യേക പൂജകൾ നടത്തി കർഷകർ. തേനി ജില്ലയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിലാണ് വരുണപൂജ നടന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും തേനി ജില്ലയിലും മഴ ലഭിക്കണമെന്ന പ്രാർഥനയോടെയായിരുന്നു പൂജ.

കമ്പംവാലി വാട്ടർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രത്യേക പൂജകൾ സംഘടിപ്പിച്ചത്. പ്രദേശത്തെ കർഷകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

തെക്കൻ തമിഴ്നാട്ടിലെ നിരവധി ജില്ലകളുടെ പ്രധാന ജലസ്രോതസ്സാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ജില്ലകളിലെ ജലലഭ്യതയ്ക്ക് അണക്കെട്ടിലെ വെള്ളം നിർണായകമാണ്.

ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കണമെന്നാണ് കർഷകരുടെ പ്രതീക്ഷ. നിലവിൽ 116.85 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.

Related Articles

Back to top button