പതിമൂന്ന് വർഷത്തിനുശേഷം ഓട്ടോറിക്ഷ യാത്രാനിരക്കുകൾ വർധിപ്പിച്ചു; മിനിമം ചാർജ്..

തമിഴ്നാട്ടിൽ പതിമൂന്ന് വർഷത്തിനുശേഷം ആദ്യമായി ഓട്ടോറിക്ഷ യാത്രാനിരക്കുകൾ പുതുക്കി നിശ്ചയിച്ച് സർക്കാർ. ചെന്നൈ മെട്രോപൊളിറ്റൻ ഏരിയ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ഓട്ടോറിക്ഷകൾക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. പുതുക്കിയ വിജ്ഞാപനപ്രകാരം ആദ്യ 1.8 കിലോമീറ്റർ യാത്രയ്ക്ക് 50 രൂപയാണ് മിനിമം ചാർജ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധികമായി നൽകേണ്ടിവരും. പുതിയ നിരക്കുകൾ അതത് പ്രദേശങ്ങളിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്കും റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
സാധാരണ യാത്രാനിരക്കിനൊപ്പം രാത്രികാല സർവീസുകൾ, മലയോര മേഖലകളിലെ യാത്രകൾ, കാത്തിരിപ്പ് സമയം എന്നിവയ്ക്കുള്ള നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
പുതിയ ഉത്തരവനുസരിച്ച് ഓട്ടോറിക്ഷയുടെ വെയ്റ്റിങ് ചാർജ് മിനിറ്റിന് ഒരു രൂപയായിരിക്കും. നേരത്തേ അഞ്ച് മിനിറ്റിന് 3.50 രൂപയായിരുന്നു ഈടാക്കിയിരുന്നത്. രാത്രി 10 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയുള്ള യാത്രകൾക്ക് സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി വരെ ഈടാക്കാനും അനുമതിയുണ്ട്.
മലയോര മേഖലകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ് 60 രൂപയായി നിശ്ചയിച്ചു. ആദ്യ 1.8 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം അധികമായി നൽകണം.




