സർക്കാർ സ്പോൺസേർഡ് മരണം: രാഷ്ട്രീയ വിരോധം, മാനദണ്ഡം പാലിക്കാതെ സ്ഥലംമാറ്റം…

കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് സർക്കാരിന്റെ നിർദയമായ നിലപാട് മൂലമുണ്ടായ ‘സർക്കാർ സ്പോൺസേർഡ് മരണം’ ആണെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ആരോപിച്ചു. ദീപ ലേഖയുടെ മരണത്തിൽ സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും രൂക്ഷമായി വിമർശിച്ചാണ് റിയാസിന്റെ പ്രതികരണം.
രാഷ്ട്രീയ വിരോധം മുൻനിർത്തിയാണ് ദീപ ലേഖയെ സ്ഥലംമാറ്റിയതെന്നാണ് റിയാസിന്റെ ആരോപണം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് ദീപ ലേഖ അപേക്ഷിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർക്കാർ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും രൂക്ഷ വിമർശനമാണ് റിയാസ് ഉന്നയിച്ചത്. ‘ട്രാൻസ്ഫറിന് റെഡിയായിക്കോ’ എന്ന് പരസ്യമായി വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. രാഷ്ട്രീയ ഭീരുവായ മുഖ്യമന്ത്രിയാണ് സതീശനെന്നും മുഖ്യമന്ത്രിയെ വിമർശിക്കുന്നവരോട് അദ്ദേഹം അസഹിഷ്ണുത കാണിക്കുന്നുവെന്നും റിയാസ് പറഞ്ഞു.
അതേസമയം, അടുത്തിടെ എംഡിഎംഎ കേസിൽ പിടിയിലായ പ്രതിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങളിലും റിയാസ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റുകൾ മെറ്റയുമായി ബന്ധപ്പെട്ട് നീക്കം ചെയ്യിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും റിയാസ് മറുപടി നൽകി. വിഷയത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ പറയാനില്ലെന്നുമായിരുന്നു റിയാസിന്റെ പ്രതികരണം.




