പഴകിയ ദുർഗന്ധം വമിക്കുന്ന ഭക്ഷണം….. തിരുവനന്തപുരത്ത് ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ വേട്ട…. 48 ഹോട്ടലുകൾക്ക് നോട്ടീസ്

തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ജലജന്യ രോഗങ്ങളും മഴക്കാല പൂർവ സാംക്രമിക രോഗങ്ങളും പടർന്നുപിടിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവിതരണ ശാലകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് വ്യാപക പരിശോധന നടത്തി. നഗരസഭയുടെ പത്തോളം പ്രത്യേക സ്ക്വാഡുകൾ ഒരേസമയം പങ്കെടുത്ത വൻ പരിശോധനയിൽ ഇന്ന് മാത്രം 95 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതിൽ ഗുരുതരമായ നിയമലംഘനങ്ങളും ശുചിത്വക്കുറവും കണ്ടെത്തിയ 48 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, പിഴയായി ആകെ 57,500 രൂപ ഈടാക്കുകയും ചെയ്തു.

വിൽപ്പനയ്ക്കായി പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണം സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയും നഗരസഭ സ്ക്വാഡ് കർശനമായ നോട്ടീസ് നൽകിയിട്ടുണ്ട്. നഗരസഭയുടെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും, ഹോട്ടലുകളിലെ ശുചിത്വ നിലവാരത്തിലും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും മാറ്റമുണ്ടായില്ലെങ്കിൽ ഇവർക്കെതിരെ വരും ദിവസങ്ങളിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നഗരത്തിലെ ശുചിത്വനിലവാരം പൂർണ്ണമായും ഉറപ്പാക്കുന്നതിനായി മേയർ വി.വി. രാജേഷ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. ഗോപൻ എന്നിവരുടെ പ്രത്യേക നിർദ്ദേശാനുസരണമായിരുന്നു ഈ മിന്നൽ പരിശോധന. നഗരസഭ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫീസർ ഡോ. പ്രേം നവാസ് കെ.ബി, ക്ലീൻ സിറ്റി മാനേജർമാരായ മോഹനചന്ദ്രൻ. റ്റി, സുജിത്ത് സുധാകർ എന്നിവരാണ് സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയത്.

നഗരത്തിലെ ഹോട്ടലുകളിൽ കുടിക്കുന്നതിനായി ഉപഭോക്താക്കൾക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമേ നൽകാൻ പാടുള്ളൂവെന്നും സ്ഥാപനങ്ങളും അവയുടെ പരിസരവും പൂർണ്ണമായും ശുചിത്വമുള്ളതായി പരിപാലിക്കണമെന്നും നഗരസഭ കടുത്ത നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾക്ക് പുറമെ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാൻ ഇടയുള്ള എല്ലാത്തരം ഉറവിടങ്ങളും പൊതുജനങ്ങൾ പൂർണ്ണമായി ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കടുത്ത ജാഗ്രതയോടുകൂടി പെരുമാറിയാൽ മാത്രമേ സാംക്രമിക രോഗങ്ങൾ പടരുന്നത് തടയാൻ സാധിക്കുകയുള്ളൂ എന്നും, ഇതിനായി പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പൂർണ്ണമായ സഹകരണം ഉണ്ടാകണമെന്നും തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ് അഭ്യർത്ഥിച്ചു.

Related Articles

Back to top button