ചാലിയാർ ശുദ്ധീകരിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ഷാഹിനെ മരിച്ച നിലയിൽ കണ്ടെത്തി….

ചാലിയാർ പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായ യുവ പരിസ്ഥിതി പ്രവർത്തകൻ എടവണ്ണ കല്ലിടുമ്പ് സ്വദേശി പൂവമണ്ണിൽ ഷാഹിനെ (38) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി പുഴയിൽ മീൻ പിടിക്കാൻ പോയ ഷാഹിൻ ഏറെ വൈകിയും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നാട്ടുകാരും തിരുവാലി ഫയർഫോഴ്സും എടവണ്ണ പൊലീസും എമർജൻസി രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അർധരാത്രി പന്ത്രണ്ടോടെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ഒഴുക്കിൽപ്പെട്ട നിലയിൽ തോണി കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.
വർഷം തോറും സ്വന്തം തോണിയിൽ ഒറ്റയ്ക്ക് ചാലിയാറിലിറങ്ങി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുഴ ശുദ്ധീകരിച്ചിരുന്ന ഷാഹിന്റെ പ്രവർത്തനങ്ങൾ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. എടവണ്ണ കല്ലിടുമ്പിൽ ആര്യൻതൊടിക പൂവമണ്ണിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉമ്മറിന്റെ മകനായ ഷാഹിന്‍ ചാലിയാറുമായി അത്രമേൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചാലിയാറിന്റെ തീരത്ത് വളർന്ന അദ്ദേഹത്തിന് ചെറുപ്പം മുതലേ ഈ പുഴയെ നന്നായി അറിയാമായിരുന്നു.




