സർക്കാർ ആശുപത്രികളിൽ കടുത്ത മരുന്ന് ക്ഷാമം… ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും…

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യതയിൽ ഗുരുതര പ്രതിസന്ധി. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ, കീമോതെറാപ്പി മരുന്നുകൾ, അപസ്മാരത്തിനുള്ള മരുന്നുകൾ എന്നിവയ്ക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്.
മരുന്ന് ക്ഷാമം പൊതുജനങ്ങളെ അറിയിക്കാതിരിക്കാൻ പരമാവധി ലോക്കൽ പർച്ചേസിംഗ് നടത്താൻ ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, വിതരണക്കാർക്ക് നൽകാനുള്ള ഭീമമായ കുടിശ്ശിക കാരണം മരുന്നുകളും ഉപകരണങ്ങളും നൽകാൻ സ്വകാര്യ വിതരണക്കാർ വിസമ്മതിക്കുകയാണ്. മെഡിക്കൽ കോളേജുകൾക്ക് പുറമെ പല ജനറൽ, ജില്ലാ ആശുപത്രികൾക്കും കോടികളുടെ കുടിശ്ശികയുണ്ട്. തിരുവനന്തപുരം, എറണാകുളം ജനറൽ ആശുപത്രികൾക്ക് മാത്രം 120 കോടിയോളമാണ് കുടിശ്ശികയിനത്തിൽ നൽകാനുള്ളത്. കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നൽകിയ വകയിലുള്ള തുകയും ലഭിക്കാനുണ്ട്.
അടുത്തയാഴ്ചയോടെ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ സ്റ്റോക്ക് എത്തിയില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വൺ ടൈം സെറ്റിൽമെന്റ് വഴി കുടിശ്ശിക പ്രതിസന്ധി പരിഹരിക്കാനും റീ-ടെൻഡർ നടപടികൾ വേഗത്തിലാക്കാനും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.



