തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ്-ബിജെപി കൗൺസിലർമാരുടെ കയ്യാങ്കളി… വനിതാ കൗൺസിലർമാർക്കും മേയർക്കും…

തിരുവനന്തപുരം: നഗരസഭയിൽ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചു. മേയറുടെ ഓഫീസിന് മുന്നിൽ മേയർ വി.വി രാജേഷിനെ തടഞ്ഞുകൊണ്ടായിരുന്നു എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. ഇതിനിടെ മേയർക്ക് അഭിവാദ്യമർപ്പിച്ച് ബിജെപി കൗൺസിലർമാരും രംഗത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു.
സംഭവമറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി, കടകമ്പള്ളി സുരേന്ദ്രൻ, വി. ജോയ് തുടങ്ങിയ മുതിർന്ന എൽഡിഎഫ് നേതാക്കൾ നഗരസഭയിലെത്തി. കയ്യാങ്കളിയിൽ എൽഡിഎഫ്, ബിജെപി കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജ് കൗൺസിലർ സിന്ധു, അണമുഖം കൗൺസിലർ വീണ എന്നിവരുൾപ്പെടെയുള്ള എൽഡിഎഫ് വനിതാ കൗൺസിലർമാർക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ, പ്രതിഷേധത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് എൽഡിഎഫ്. എൽഡിഎഫ് കൗൺസിലർമാർ തന്നെ ഓഫീസിനുള്ളിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും സംഘർഷത്തിൽ തന്റെ കാലിന് പരിക്കേറ്റതായും മേയർ വി.വി രാജേഷ് ആരോപിച്ചു.
ജനാധിപത്യപരമായ സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ കയ്യാങ്കളിയും ഓഫീസിനുള്ളിലെ ആക്രമണവും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഓഫീസിൽ എന്നെ കാണാനെത്തിയ പൊതുജനങ്ങളെപ്പോലും എൽഡിഎഫ് കൗൺസിലർമാർ ഭീഷണിപ്പെടുത്തി എന്നും മേയർ പറഞ്ഞു. എൽഡിഎഫ് കൗൺസിലർമാർ വനിതാ കൗൺസിലർമാരെ ക്രൂരമായി ആക്രമിച്ചതായി ഡെപ്യൂട്ടി മേയർ ആശാനാഥും ആരോപിച്ചു. നിലവിൽ നഗരസഭാ പരിസരത്ത് കനത്ത പോലീസ് കാവലാണുള്ളത്.



