ശബരിമല ദ്വാരപാലക ശിൽപ പാളിക്കേസ്…. അന്വേഷണം അവസാനഘട്ടത്തിലെന്ന് SIT

തിരുവനന്തപുരം: 2025-ൽ ശബരിമലയിലെ ദ്വാരപാലക ശില്പം കൊണ്ടുപോയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരുടെ പൂർണ്ണമായ വിശദാംശങ്ങൾ അടുത്ത റിപ്പോർട്ടിലൂടെ കോടതിയെ അറിയിക്കുമെന്ന് എസ്.ഐ.ടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേസിൽ അതീവ നിർണ്ണായകമായ മറ്റൊരു നീക്കത്തിന് ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകി. ശബരിമലയിലെ പ്രഭാമണ്ഡലത്തിന്റെയും ശ്രീകോവിൽ വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനാണ് ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകിയിരിക്കുന്നത്.
ശില്പത്തിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന കമ്പനി 2019-ൽ പ്രത്യേകതരം ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെടുത്തതായി എസ്ഐടി കോടതിയെ അറിയിച്ചു. ഇതിന്റെ സാമ്പിളുകൾ നിലവിൽ ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം പുറത്തുവരുന്നതോടെ കവർച്ചയുടെ പൂർണ്ണമായ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്. നിലവിലെ അന്വേഷണ പുരോഗതിയിൽ ഹൈക്കോടതി പൂർണ്ണ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണം പൊതിഞ്ഞ ചെമ്പ് പാളികളെ കുറിച്ചും, ഒപ്പം 1998-ലെ ചെമ്പ് പാളികളെ കുറിച്ചും വിശദമായ അന്വേഷണം നടത്താനാണ് എസ്ഐടിയുടെ തീരുമാനം. കേസിന്റെ വേരുകൾ തേടി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കുമെന്നും എസ്ഐടി വ്യക്തമാക്കി. കേസ് സംബന്ധിച്ച ഹർജി ഈ മാസം 18-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.



