ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് 7 വർഷം മാത്രം പഴക്കം; സ്വർണക്കൊള്ളയിൽ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ

ശബരിമല ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴു വർഷം മാത്രമാണ് കാലപ്പഴക്കമെന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതായി സൂചന. ഇതോടെ 2019ൽ ശിൽപത്തിൽ സ്വർണം പൂശി നൽകുന്നതിനിടെ പഴയ ചെമ്പുപാളികളും മാറ്റിയിട്ടുണ്ടോയെന്ന സംശയം അന്വേഷണ സംഘത്തിന് ശക്തമായി.
ദ്വാരപാലക ശിൽപത്തിൽനിന്ന് എത്ര അളവിൽ സ്വർണം നഷ്ടപ്പെട്ടുവെന്നും ശിൽപത്തിലുള്ള ചെമ്പുപാളികൾക്ക് എത്ര കാലപ്പഴക്കമുണ്ടെന്നും കണ്ടെത്തുന്നതിനായാണ് സാമ്പിളുകൾ ജംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചത്. പരിശോധനാ ഫലമാണ് അന്വേഷണത്തിൽ നിർണായകമാകുക.



