വെറും 7 രൂപയ്ക്ക് ഒരു കോടി! ഭാഗ്യം തേടിയെത്തിയത് കൂലിപ്പണിക്കാരന്റെ കുടുംബത്തെ

വെറും ഏഴ് രൂപ മുടക്കി വാങ്ങിയ ലോട്ടറി ടിക്കറ്റിലൂടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബിലെ ഒരു കുടുംബം. ഫരീദ്കോട്ട് ജില്ലയിലെ കോട്കപുര സ്വദേശിനിയായ ബിമല ദേവിയെയാണ് സിക്കിം സർക്കാരിന്റെ ലോട്ടറി ഭാഗ്യം കടാക്ഷിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബിമലയും കുടുംബവും.

സാധനങ്ങൾ വാങ്ങാനായി റെയിൽവേ റോഡിലെത്തിയപ്പോഴാണ് ബിമല ദേവി സ്റ്റാർ ലോട്ടറി സ്റ്റാളിൽനിന്ന് ഏഴ് രൂപയ്ക്ക് ഒരു ടിക്കറ്റ് വാങ്ങിയത്. പ്രത്യേകിച്ച് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ എടുത്ത ടിക്കറ്റിന്റെ ഫലം അടുത്ത ദിവസം വന്നപ്പോൾ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ബിമലയെ തേടിയെത്തുകയായിരുന്നു.

വാർത്ത അറിഞ്ഞതോടെ കുടുംബത്തിന്റെ സന്തോഷത്തിന് അതിരില്ലാതായി. വിജയവാർത്ത പങ്കുവയ്ക്കാൻ ലോട്ടറിക്കടയിലെത്തിയ കുടുംബത്തെ കടയുടമ നരേഷ് മോംഗ മധുരം നൽകിയാണ് സ്വീകരിച്ചത്. സന്തോഷം അടക്കാനാകാതെ അദ്ദേഹം ഭാംഗ്ര നൃത്തം അവതരിപ്പിച്ചും ആഘോഷത്തിൽ പങ്കുചേർന്നു.

കൂലിപ്പണിക്കാരന്റെ കുടുംബമായ തങ്ങൾക്ക് ഈ സമ്മാനത്തുക വലിയ ആശ്വാസമാകുമെന്ന് ബിമല ദേവി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനൊപ്പം മക്കളുടെ ഭാവി സുരക്ഷിതമാക്കാനും പണം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ കുടുംബം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല

Related Articles

Back to top button