ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാക്കരുത്; സമയപരിധിയില്‍ ഇളവ് വേണം, കേന്ദ്രത്തിന് കത്തയച്ച് മന്ത്രി

ആറു മാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ താൽക്കാലികമായി റദ്ദാക്കാനുള്ള കേന്ദ്ര ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിക്ക് കത്തയച്ചു. ഇ-കെവൈസി പൂർത്തിയാക്കാൻ അനുവദിച്ച മൂന്നു മാസത്തെ സമയപരിധി നീട്ടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഡുകള്‍ റദ്ദാക്കുന്ന ഒഴിവുകളില്‍ ഉള്‍പ്പെടുത്താനായി ഫിഫോ (ഫസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട്) പാലിച്ച് യോഗ്യതയുള്ള കുടുംബങ്ങളുടെ വെയിറ്റിംഗ് ലിസ്റ്റ് നിലനിര്‍ത്താന്‍ സംസ്ഥാനത്തെ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഴിവാക്കുന്നവരെ നിബന്ധനകള്‍ക്കു വിധേയമായി സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍/നോണ്‍-പ്രയോറിറ്റി വിഭാഗത്തിലേക്കു താല്‍ക്കാലികമായി മാറ്റുകയോ നിലനിര്‍ത്തുകയോ ചെയ്യാവുന്നതാണ്. റേഷന്‍കാര്‍ഡ് ഉപയോഗിക്കാത്ത കാലയളവില്‍ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള (എന്‍എഫ്എസ്എ) ഭക്ഷ്യധാന്യ അവകാശം പിന്‍വലിക്കാന്‍ പാടില്ല. ആധാര്‍, ബയോമെട്രിക് പ്രാമാണീകരണം എന്നിവയ്ക്ക് വിധേയമായി, ആവശ്യമുള്ളപ്പോഴെല്ലാം സംസ്ഥാന വിഭാഗത്തിന് കീഴില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാക്കാനാവും. നിശ്ചിത കാലയളവിനുള്ളില്‍ ഇ-കെവൈസി, ഫീല്‍ഡ് വെരിഫിക്കേഷന്‍ എന്നിവയിലൂടെ യോഗ്യത പുനഃപരിശോധിക്കാം. ഗുണഭോക്താവ് യോഗ്യനാണെന്നു കണ്ടെത്തിയാല്‍ എന്‍എഫ്എസ്എ പദവി പുനഃസ്ഥാപിക്കാനാവും. യോഗ്യതയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കാക്കുമ്പോള്‍തന്നെ, യഥാര്‍ഥ ഗുണഭോക്താക്കളെ അബദ്ധവശാല്‍ ഒഴിവാക്കുന്നതു തടയുകയും എന്‍എഫ്എസ്എ വിഹിതം അര്‍ഹരായ ഗുണഭോക്താക്കള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നു ഉറപ്പാക്കുകയും ചെയ്യാം.

Related Articles

Back to top button