ക്ഷേമ പെൻഷൻ കുടിശിക തീർക്കാൻ 1650 കോടി രൂപ അനുവദിച്ചു… ശനിയാഴ്ച മുതൽ വിതരണം…
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കും. 1650 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ കൂടി ആണ് അനുവദിച്ചിരിക്കുന്നത്. മേയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 3,200 രൂപ വീതം ലഭിക്കും. 5 ഗഡുവാണ് ക്ഷേമ പെൻഷൻ കുടിശിക ഉണ്ടായിരുന്നത്. അതിൽ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നത്.
സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് ഒരു തുകയും ഗുണഭോക്താക്കൾ നൽകേണ്ടതില്ല. പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇൻസെന്റീവ് ആയി സർക്കാർ അനുവദിക്കുന്നുണ്ട്. അതിനാൽ, വിതരണക്കാർക്ക് ഗുണഭോക്താക്കൾ അധികമായി യാതൊരു തുകയും നൽകേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.