ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം…ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്…..

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനകേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത് . സംസ്ഥാനത്തെ രാഷ്ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രതികളായ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ജീവനക്കാരന്‍ എസ് സന്ദീപും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
യുഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷമാണ് എസ്‌ഐടി വന്നതെന്നും കേസിന് പിന്നില്‍ രാഷ്ട്രീയ – വ്യക്തി വിരോധമുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നാണ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. അറസ്റ്റ് ചെയ്താല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക ജീവിതം കളങ്കപ്പെടുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. പൊതുസമൂഹത്തില്‍ അപമാനിതരാവും. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണം. ഒളിവില്‍ പോകില്ലെന്നും തെളിവ് നശിപ്പിക്കില്ലെന്നും അപേക്ഷയില്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി വര്‍ഗീസ് ആണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്നത്.



