പിഎസ്‍സി പിരിച്ചുവിടാനുള്ള അർലേക്കറുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ നിലപാടെന്ത്? ചോദ്യങ്ങളുമായി സിപിഎം

പി എസ്‌ സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ ഗവർണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്നെ രാജേന്ദ്ര അർലേക്കർ രാഷ്‌ട്രപതിക്ക്‌ ശുപാർശ നൽകിയ നടപടിയെ കുറിച്ച്‌ മുഖ്യമന്ത്രി നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്‌. അർലേക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്‌. ഈ നടപടിയോട്‌ കോൺഗ്രസ്‌ യോജിക്കുന്നുണ്ടോ? രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള ഇത്തരം നടപടികളോട്‌ ദേശീയതലത്തിൽ കോൺഗ്രസ്‌ എടുക്കുന്ന നിലപാട്‌ തന്നെയാണോ മുഖ്യമന്ത്രിക്കുള്ളതെന്ന്‌ അറിയാൻ ജനത്തിന്‌ താൽപര്യമുണ്ടെന്നും സി പി എം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. പി എസ്‌ സി അംഗത്തിനെതിരെ നടപടിയെടുക്കാൻ നിയമപരമായ മാർഗങ്ങളുണ്ട്‌, അതൊന്നും ഗവർണർ പാലിച്ചിട്ടില്ല. ഒരു റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട്‌ ഉയർന്നുവന്ന ആരപോണത്തെക്കുറിച്ച്‌ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ വച്ച്‌ അന്വേഷണം നടത്തുകയാണ്‌. ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ്‌ ഹൈക്കോടതിയിൽ തന്നെ അറിയിച്ചത്‌. അതുകൊണ്ടാണല്ലോ കോടതി ശാസനാരൂപത്തിൽ ചില കാര്യങ്ങൾ പറഞ്ഞത്‌. പി എസ്‌ സി പിരിച്ചുവിടാൻ ശുപാർശ ചെയ്യാൻ ഒരധികാരവും ഗവർണർക്കില്ല. സർക്കാർ ശുപാർശയനുസരിച്ച്‌ പ്രവർത്തിക്കേണ്ടയാളാണ്‌ ഗവർണർ. ഒരു ആരോപണവും തെളിയിക്കാനോ കോടതിയിൽ ഹാജരാക്കാനോ പറ്റാത്ത ഈ ഘട്ടത്തിൽ പി എസ്‌ സി പിരിച്ചുവിടണമെന്ന്‌ സർക്കാർ ഗവർണറോട്‌ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നും സി പി എം ചോദിച്ചു.

Related Articles

Back to top button