ശബരിമല നെയ്യ് ക്രമക്കേടിൽ കേസെടുത്ത് വിജിലൻസ്; പി എസ് പ്രശാന്തും അജികുമാറും പ്രതി പട്ടികയിൽ

ശബരിമല നെയ്യ് ക്രമക്കേടിൽ കേസെടുത്ത് വിജിലൻസ്. വിജിലൻസിന്റെ എഫ്ഐആറിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തും, ബോർഡ് അംഗം അജികുമാറും, മുരാരി ബാബുവും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മിൽമയിൽ നിന്നും നെയ്യ് വാങ്ങിയ ടെൻഡറിൽ ഉൾപ്പെടെ ഗുരുതരമായ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നാണ് വിജിൻലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ദേവസ്വം വിജിലൻസാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയത്. പിന്നീട് ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്. വിജിലൻസ് എസ്പി സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞവർഷം മകരവിളക്ക് കാലയളവിൽ പുറത്തുനിന്ന് നെയ്യ് വാങ്ങുന്നതിന് 2024 ലാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. ഇതിനായി ടെണ്ടർ വിളിച്ചു. ആറ് സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കാളിയായത്. ഇതിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകിയത്. മിൽമയ്ക്ക് കരാർ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
സാധാരണ നെയ്യ് ഉപയോഗിക്കുമ്പോൾ ഒരു കൂട്ട് അരവണ ഉണ്ടാക്കാൻ 10 ലിറ്റർ നെയ്യ് ആവശ്യമാണ്. എന്നാൽ മിൽമയുടെ നെയ്യ് ആകുമ്പോൾ7 മുതൽ 7.5 ലിറ്റർ വരെ മതിയാകും. അതിനാൽ മിൽമയ്ക്ക് മുൻഗണന നൽകണമെന്നായിരുന്നു അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ശുപാർശ നൽകിയത്. ഇതിനെ ദേവസ്വം കമ്മീഷണർ എതിർത്തിരുന്നു. ദേവസ്വം കമ്മീഷണറുടെ നിലപാട് തള്ളി കൊണ്ടാണ് മിൽമയ്ക്ക് കരാർ നൽകാൻ പി എസ് പ്രശാന്തും എ അജികുമാറും തീരുമാനമെടുത്തത്.



