വി മുരളീധരൻ പരാതി കൊടുത്തെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോൺ ജോർജ്
മാസപ്പടി കേസിലെ സിഎംആർഎൽ ഡയറി വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. വി മുരളീധരൻ പരാതി കൊടുത്തെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോൺ ജോർജ് പറഞ്ഞു. ഈ പരാതി ശക്തമായി മുന്നോട്ട് കൊണ്ട് പോകണം എന്ന് തന്നോട് പറഞ്ഞ ആളാണ് മുരളീധരൻ. ബിജെപി നിലപാടിൽ ആരും വെള്ളം ചേർക്കണ്ട. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പിരിവ് വാങ്ങിയിട്ടുണ്ടാകും. ഒരു പേജ് മാത്രമേ തന്റെ കയ്യിൽ കിട്ടിയുള്ളൂ. ആ പട്ടികയിൽ മുരളീധരൻ എന്നയാൾ ഇല്ല. രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് പണം വാങ്ങിയത് എന്നതിൽ തെറ്റില്ല. ആ കണക്ക് പാർട്ടി കണക്കിൽ ഉണ്ടായാൽ മതിയെന്നും ഷോൺ ജോർജ് പറഞ്ഞു.
രാവിലെ മുതൽ വലിയ രീതിയിൽ വാർത്തകൾ വരുന്നു. അധികാരത്തിൽ ഇരുന്നവർ വാങ്ങിയ പണം കൈക്കൂലി തന്നെയാണ്. ആ കേസിൽ എഫ്ഐആർ ഇട്ട് അന്വേഷണം വേണമെന്ന നിലപാടിൽ ബിജെപി ഉറച്ചു നിൽക്കുകയാണ്. അതിനെ സ്വാഗതം ചെയ്താണ് ഇന്നലെ വി മുരളീധരൻ വാർത്താസമ്മേളനം നടത്തിയത്. വി മുരളീധരൻ ഈ പാർട്ടിയിലെ ഏറ്റവും വലിയ നേതാവാണ്. അദ്ദേഹം തനിക്കെതിരെ പരാതി കൊടുക്കണ്ട. എന്നെ ശാസിക്കാൻ അധികാരം ഉള്ള ആളാണ് മുരളീധരൻ. മിണ്ടാതിരിയെടാ എന്ന് പറയാൻ അധികാരം ഉള്ള ആളാണ്. നേതാക്കളെല്ലാം ഒപ്പമുണ്ട്. ഇന്നലെ പുറത്ത് വന്ന പട്ടിക കാണിച്ചാണ് പിണറായി യുഡിഫിനേയും സതീശനെയും ഭീഷണിപ്പെടുത്തിയതെന്നും ഷോൺ ജോർജ് പറഞ്ഞു.




