കെഎസ്ഇബി ജീവനക്കാർ ഓഫീസും പൂട്ടി പോയി; പന്തം കൊളുത്തി പ്രതിഷേധവുമായി നാട്ടുകാർ

പരാതി പറയാനെത്തിയിട്ടും ഓഫീസിൽ ഉദ്യോഗസ്ഥരെ കാണാനില്ലെന്ന ആരോപണത്തെ തുടർന്ന് മുതലമട കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധം. രാത്രി ഒൻപതിന് ശേഷമാണ് ഒരു സംഘം ആളുകൾ ഓഫീസിലെത്തി പന്തം കൊളുത്തി പ്രതിഷേധിച്ചത്. ഓഫീസിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഫോൺ മുഖേന പരാതി അറിയിക്കാൻ ശ്രമിച്ചാലും നേരിട്ട് ഓഫീസിലെത്തിയാലും ഉദ്യോഗസ്ഥരെ കാണാനാകുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഓഫീസ് ഗേറ്റ് തുറന്നു.

കെഎസ്ഇബി ഓഫീസ് കെട്ടിടവും മുതലമട സർവീസ് സഹകരണ ബാങ്കും ഒരേ വളപ്പിലാണ് പ്രവർത്തിക്കുന്നത്. ബാങ്ക് ജീവനക്കാരാണ് ഗേറ്റ് പൂട്ടിയതെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഐഎസ്ജെഡി പ്രവർത്തകരാണ് പന്തം കൊളുത്തി പ്രതിഷേധിച്ചത്. ഓഫീസിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്ന പരാതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും പ്രവർത്തകർ വ്യക്തമാക്കി.

Related Articles

Back to top button