കായംകുളത്ത് 250 മീറ്റർ ഉയരപ്പാതയ്ക്ക് നിർദ്ദേശം….

കായംകുളം: ദേശീയപാതയിൽ കായംകുളത്ത് 250 മീറ്റർ നീളത്തിൽ ഉയരപ്പാത വേണമെന്ന് ദേശീയപാത അതോറിറ്റി റീജനൽ ഓഫിസ് ശുപാർശ ചെയ്തു. പുതിയ നിർദ്ദേശത്തിന് ദേശീയപാത അതോറിറ്റി അനുമതി നൽകിയാൽ ഉടൻ കായംകുളത്ത് നിർത്തിവച്ചിരിക്കുന്ന റോഡ് നിർമാണം പുനരാരംഭിക്കും.

ദേശീയപാതയിൽ ജിഡിഎം ഭാഗത്ത് നിലവിലുള്ള അടിപ്പാത മുതൽ പാലം വരെയുള്ള ഭാഗത്തേക്കാണ് ഉയരപ്പാത നിർദ്ദേശിച്ചിരിക്കുന്നത്. ഇത്രയും ഭാഗത്ത് എട്ട് മീറ്റർ ഉയരത്തിൽ ഭിത്തി കെട്ടിയാലേ മണ്ണിട്ട് ഉയർത്തി അടിപ്പാതയുടെ ഉയരത്തിൽ റോഡ് ഉയർത്താൻ കഴിയൂ. കൊല്ലം കാവനാട് അടക്കമുള്ള ഭാഗത്ത് ഇത്രയും പൊക്കത്തിൽ ഭിത്തികെട്ടി മണ്ണിട്ടത് ഇടിഞ്ഞുവീണതു വിവാദമായിരുന്നു.

തുടർന്ന് ദേശീയപാത അതോറിറ്റി നിയമിച്ച വിദഗ്ധ സംഘം സമാന രീതിയിൽ ഭിത്തികെട്ടി ഉയർത്തേണ്ട ഭാഗങ്ങൾ പരിശോധിച്ചതിൽ കായംകുളത്ത് എട്ട് മീറ്റർ ഉയരത്തിൽ ഭിത്തി കെട്ടി ഉയർത്തേണ്ടി വരുമെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് 250 മീറ്റർ ദൂരം ഉയരപ്പാത നിർമിക്കാമെന്ന് ശുപാർശ ചെയ്തത്.

കായംകുളം–അടൂർ–പുനലൂർ സംസ്ഥാന പാത നാലുവരിയായി ഉയർത്തുന്നത് സജീവ പരിഗണനയിലാണ്. ഈ റോഡ് എത്തിച്ചേരുന്നതും ദേശീയപാതയിൽ കായംകുളത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗത്താണ്. ഈ ഭാഗത്താണ് ഉയരപ്പാതയും നിർദ്ദേശിച്ചിരിക്കുന്നത്. ഭാവിയിൽ കെപി റോഡ് സംഗമിക്കുന്ന ഭാഗമെന്ന പ്രത്യേകതയുമുണ്ടിവിടെ.

Related Articles

Back to top button