സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ഐഎഎസിനെ സസ്പെൻഡ് ചെയ്തു

സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ഐഎഎസിനെ സസ്പെൻഡ് ചെയ്തു. സർക്കാരിനെതിരെ പൊതു വേദികളിൽ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് നടപടി. മുൻകൂട്ടി അനുമതി തേടാതെ മാധ്യമങ്ങളോട് പ്രതികരിച്ചതും, സോഷ്യൽ മീഡിയയിൽ സർക്കാരിന്റെ നയങ്ങളെ വിമർശിച്ചതുമാണ് നടപടി സ്വീകരിക്കാൻ കാരണമായതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന കണ്ടെത്തലും നടപടിക്ക് അടിസ്ഥാനമായി.
ഇതിനുമുമ്പ് കൃഷിവകുപ്പിൽ നിന്നുമാണ് അശോകിനെ മാറ്റിയത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ-നിയമന നടപടികളുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനങ്ങൾക്കെതിരെ അദ്ദേഹം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. അതിന് പിന്നാലെ സൈനിക ക്ഷേമ വകുപ്പിലേക്ക് മാറ്റം നടപ്പിലാക്കി. കൂടാതെ യുവജനകാര്യ വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിരുന്നു.
മൂന്നര വർഷത്തോളം കൃഷിവകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്ന അശോകിനെ മാറ്റാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സിവിൽ സർവീസ് ബോർഡ് ശുപാർശ നൽകിയിരുന്നു. ഒരു ഉദ്യോഗസ്ഥൻ കുറഞ്ഞത് രണ്ട് വർഷം ഒരേ തസ്തികയിൽ തുടരണമെന്ന വ്യവസ്ഥയും, സ്ഥലംമാറ്റങ്ങൾക്ക് ബോർഡിന്റെ ശുപാർശ നിർബന്ധമാണെന്നും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത് അശോക് സമർപ്പിച്ച ഹർജിയിലായിരുന്നു. ഇതിനുമുമ്പ് ചട്ടങ്ങൾ പാലിക്കാതെ അദ്ദേഹത്തെ മൂന്ന് തവണ സ്ഥലംമാറ്റിയ നടപടി ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.
തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷൻ, ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ, തുടർന്ന് ഉദ്യോഗസ്ഥ-ഭരണപരിഷ്കരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നീ നിലകളിലേക്കുള്ള സ്ഥലംമാറ്റങ്ങൾ ഉൾപ്പെടെ മൂന്നു നിയമനങ്ങളും ട്രൈബ്യൂണൽ അസാധുവാക്കിയിരുന്നു. ഇത് സർക്കാരിന് തിരിച്ചടിയായ സാഹചര്യത്തിലാണ് പുതിയ വിവാദവും ഉയരുന്നത്.



