കോഴിക്കോട് കോട്ടേജിൽ പോലീസ് റെയ്ഡ്… രേഖകളില്ലാതെ താമസിച്ച മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മാവൂരിലെ കൽപ്പള്ളിയിൽ യാതൊരുവിധ യാത്രാരേഖകളുമില്ലാതെ അനധികൃതമായി താമസിച്ചുവന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ കുഷ്തിയ ജില്ല സ്വദേശികളായ മുഹമ്മദ് വുള ഹുസൈൻ (42), മുഹമ്മദ് മഹ്ദി ഹസ്സൻ (28), ഉപസില വില്ലേജ് സ്വദേശിയായ മുഹമ്മദ് ഹസ്സൻ അലി (27) എന്നിവരാണ് മാവൂർ പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കോട്ടേജിൽ നടത്തിയ ആസൂത്രിതമായ പരിശോധനയിലാണ് ഇവർ വലയിലായത്.കൽപ്പള്ളി സ്വദേശിയായ മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. മാവൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച ഈ കോട്ടേജിൽ എത്തി റെയ്ഡ് നടത്തുകയായിരുന്നു. ഇവരോട് ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ പാസ്പോർട്ടോ വിസയോ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഒന്നും ഹാജരാക്കാൻ ഇവർക്കായില്ല. തുടർന്ന് ഇവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ബംഗ്ലാദേശ് ഗവൺമെന്റിന്റെ ഔദ്യോഗിക ഐഡി കാർഡുകൾ കണ്ടെത്തിയത്. ഇതോടെ നടത്തിയ കടുത്ത ചോദ്യം ചെയ്യലിൽ യാതൊരുവിധ യാത്രാരേഖകളുമില്ലാതെയാണ് തങ്ങൾ അതിർത്തി കടന്ന് കേരളത്തിൽ എത്തിയതെന്ന് പ്രതികൾ പോലീസിന് മുന്നിൽ സമ്മതിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും വിധം അനധികൃതമായി അതിർത്തി കടന്നതിനും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയതിനും ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ മാവൂർ പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കൽപ്പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചും യാത്രാരേഖകളില്ലാതെയും വിദേശികൾ അനധികൃതമായി താമസിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് സംസ്ഥാന വ്യാപകമായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.



