പിണറായി വിജയന്റെ ഡ്രൈവർക്ക് മർദ്ദനമേറ്റിട്ടില്ല…. അനൂപ് തില്ലങ്കേരിയുടെ പരാതി വ്യാജമെന്ന് റെയിൽവേ എസ്പിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡ്രൈവർ അനൂപ് തില്ലങ്കേരിയെ പൊലീസ് മർദ്ദിച്ചെന്ന പരാതി വ്യാജമെന്ന് റെയിൽവേ എസ്പിയുടെ റിപ്പോർട്ട്. അനൂപിന് പൊലീസിൽ നിന്നും മർദ്ദനമേറ്റിട്ടില്ലെന്നും പൊലീസുകാരും ഡ്രൈവറും തമ്മിലുണ്ടായത് വാക്കുതർക്കം മാത്രമാണെന്നും റെയിൽവേ എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് റെയിൽവേ എസ്പി റിപ്പോർട്ട് തയ്യാറാക്കിയത്. ഇതോടെ ഈ പരാതിയിൽ കേസെടുക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയൻ, ശരത് എന്നീ പൊലീസുകാരോട് ഡ്രൈവറായ അനൂപ് തില്ലങ്കേരി ദേഷ്യപ്പെട്ട് സംസാരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അനൂപിനെ പൊലീസുകാർ മർദ്ദിച്ചെന്ന ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ പൊലീസ് ആദ്യഘട്ടത്തിൽ തന്നെ വിശദീകരിച്ചിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തന്നോട് ക്രൂരമായി പെരുമാറിയെന്നായിരുന്നു അനൂപിന്റെ പരാതി. ‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് പൊലീസുകാർ തന്റെ കഴുത്തിന് പിടിച്ച് തള്ളിയതായും കയ്യേറ്റം ചെയ്തതായും അനൂപ് ആരോപിച്ചിരുന്നു. തങ്ങളെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ജയൻ, ശരത് എന്നീ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനൂപ് ഡിജിപിക്ക് പരാതി നൽകിയത്. എന്നാൽ, കൃത്യമായ തെളിവുകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഈ പരാതിയിൽ കഴമ്പില്ലെന്നാണ് റെയിൽവേ എസ്പിയുടെ അന്തിമ റിപ്പോർട്ട് വ്യക്തമാക്കുന്നത്.


